കാക്കനാട്: സ്വകാര്യ വാഹനത്തില്‍ സ്കൂള്‍ കുട്ടികളെ കയറ്റി സര്‍വീസ് നടത്തിയിരുന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. എല്‍കെജി മുതല്‍ അഞ്ചാം തരം വരെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മാസ വാടക വ്യവസ്ഥയില്‍ സ്കൂള്‍ ട്രിപ്പ് നടത്തി വരികയായിരുന്നു.
എറണാകുളം എന്‍എഡി കോമ്പാറയ്ക്കടുത്ത് വച്ചാണ് നൊച്ചിമയിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ വാഹനം പിടികൂടിയത്. ഫിറ്റ്നെസോ പെര്‍മിറ്റോ ഇല്ലാതെയാണ് സ്വകാര്യ വാഹനം സ്കൂള്‍ ആവശ്യത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.
കുട്ടികളെ സ്കൂളിലെത്തിച്ച ശേഷമാണ് അധികൃതര്‍ വാഹനം കസ്റ്റഡിയിലെടുത്തത്. ഉടമയില്‍ നിന്ന് പിഴ ഈടാക്കുകയും പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി ടാക്സി രജിസ്ട്രേഷനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അനധികൃത സര്‍വീസുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു.
ഓരോ വാഹനത്തിലും പോകുന്ന കുട്ടിയുടെ പേര്, ക്ലാസ്, വയസ് തുടങ്ങിയ വിശദവിവരങ്ങള്‍ അടങ്ങുന്ന പട്ടിക ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കണം. വരും ദിവസങ്ങളിലും പരിശോധന തുടരും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ നോട്ടീസ് അയയ്ക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: