കൊച്ചി: പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അങ്കമാലിയിലെ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് പ്രധാന ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
മൂന്ന് തട്ടുകടകളും സ്ക്വാഡ് നീക്കം ചെയ്തു. തൃപ്പൂണിത്തുറയില്‍ മിനി ബൈപ്പാസ് മുതല്‍ കരിങ്ങാച്ചിറ വരെയുള്ള ഭാഗത്ത് പരിശോധന നടത്തിയ സ്ക്വാഡ് 38 തട്ടുകടകള്‍ നീക്കം ചെയ്തു. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡുമില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു.
അങ്കമാലി മാര്‍ക്കറ്റിലെ 14 മത്സ്യസ്റ്റാളുകളും 14 ഇറച്ചിക്കടകളും തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു. മലിനജലം ഒഴുകി പോകാനോ സംസ്കരിക്കാനോ സംവിധാനമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉടമകളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തിയാണ് താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.
മാര്‍ക്കറ്റ് വൃത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ട് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടണത്തിലെ ഒരു പ്രധാന ഹോട്ടലില്‍ തീര്‍ത്തും അനാരോഗ്യകരമായ സാഹചര്യത്തിലാണ് കുടിയേറ്റത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കിയിരുന്നത്. മറ്റ് രണ്ട് ഹോട്ടലുകളിലും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. സ്ഥിതി മെച്ചപ്പെടുത്തി നഗരസഭ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ ഇവ ഇനി തുറക്കാന്‍ അനുവദിക്കൂകയുള്ളൂ.
തൃപ്പൂണിത്തുറയില്‍ അടപ്പിച്ച ഹോട്ടലില്‍ പഴകിയ വറുത്ത ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം വീണ്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് സ്ക്വാഡ് കണ്ടെത്തി. ഈ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി നഗരത്തില്‍ ഹൈക്കോടതി ഗോശ്രീ റോഡ് പരിസരം, ബൈപ്പാസില്‍ ഇടപ്പള്ളി വൈറ്റില തുടങ്ങിയ ഭാഗങ്ങളില്‍ വൃത്തിഹീനമായും അനധികൃതമായും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തിരുന്നു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമായി തുടരും.
ആരോഗ്യം, തദ്ദേശസ്വയംഭരണം, റവന്യു, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കളക്ടര്‍ രൂപീകരിച്ച സ്ക്വാഡിലുള്ളത്. ഹോട്ടലുകള്‍, ബേക്കറികള്‍, മീന്‍, ഇറച്ചി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ വിപുലമായ അധികാരമാണ് സ്ക്വാഡിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: