ന്യൂദല്‍ഹി: പനീര്‍, പ്രകൃതിദത്ത തേന്‍, ഗോതമ്പ്, അരി, മറ്റു ധാന്യങ്ങള്‍, പാത്രങ്ങളില്‍ അടച്ചു വില്‍പ്പന നടത്തുന്നതും രജിസ്റ്റേര്‍ഡ് ബ്രാന്റ് നാമത്തില്‍ വില്‍പ്പന നടത്തുന്നതും ഒഴികെയുള്ള ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും പൊടി തുടങ്ങിയവക്ക് ജിഎസ്ടി ഈടാക്കില്ല. എന്നാല്‍ ഇത്തരം സാധനങ്ങള്‍ പാത്രങ്ങളിലടച്ച് രജിസ്റ്റേര്‍ഡ് ബ്രാന്റ് നാമം നല്‍കി വില്‍ക്കുമ്പോള്‍ 2.5% നിരക്കില്‍ ജിഎസ്ടി നല്‍കണം.
1999 ലെ ട്രേഡ് മാര്‍ക്ക് നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ബ്രാന്റ് നാമത്തെയോ ട്രേഡ് നാമത്തെയോ ആണ് രജിസ്‌റ്റേര്‍ഡ് ബ്രാന്റ് നെയിം എന്ന് ഉദ്ദേശിക്കുന്നത്. ട്രേഡ് മാര്‍ക്ക് നിയമത്തിലെ രണ്ടാമത്തെ വകുപ്പില്‍ ട്രേഡ്മാര്‍ക്ക് എന്നത് രജിസ്റ്ററില്‍ ഉള്ളതും നിലവിലുള്ളതും ആയിരിക്കണമെന്ന് വ്യക്തമാക്കുന്നു.
ചരക്കുകളുടെ അന്തര്‍ സംസ്ഥാന സിജിഎസ്ടി നിരക്ക് വ്യക്തമാക്കുന്ന 2017 ജൂണ്‍ 28 ലെ വിജ്ഞാപനം നമ്പര്‍ 1/2017-കേന്ദ നികുതി (നിരക്ക്), സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇളവ് നല്‍കുന്ന 2017 ജൂണ്‍ 28 ലെ തന്നെ വിജ്ഞാപനം നമ്പര്‍ 2/2017- കേന്ദ്ര നികുതി (നിരക്ക്) എന്നിവയാണ് ഇത് സംബന്ധിച്ച കൃത്യമായ നിര്‍വചനം നല്‍കുന്നത്. ഈ നിര്‍വചനങ്ങളനുസരിച്ച് ബ്രാന്റ് നാമം അഥവാ ട്രേഡ് നെയിം എന്നത് രജിസ്റ്റര്‍ ഓഫ് ട്രേഡ് മാര്‍ക്കിലുള്ളതും 1999ലെ ട്രേഡ് മാര്‍ക്ക് നിയമത്തിനു കീഴില്‍ പ്രാബല്യത്തിലുള്ളതുമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഉത്പന്നങ്ങളുടെ എംആര്‍പി സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജിഎസ്ടിയുടെ ഫലമായി ഒരു ഉത്പന്നത്തിന്റെ വില വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ രണ്ട് പത്രങ്ങളിലെങ്കിലും പുതിയ വില സംബന്ധിച്ച് പരസ്യം ചെയ്യണം. പഴയ വിലയ്‌ക്ക് പുറമെ പാക്കറ്റുകളില്‍ പുതിയ വിലയുടെ സ്റ്റിക്കറും പതിക്കണം. കണ്‍സ്യൂമര്‍ അഫയേഴ്‌സ് സെക്രട്ടറി അവിനാശ് ശ്രീവാസ്തവ പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി.
















