മലയാള സിനിമ സ്തംഭിച്ചുനില്‍ക്കുന്ന അവസ്ഥ. നടി ആക്രമിക്കപ്പെട്ട സംഭവം ഉയര്‍ത്തിവിട്ട നടുക്കുന്ന പ്രശ്നങ്ങളില്പ്പെട്ടുലയുകയാണ് മലയാള സിനിമ. പലരുടേയും നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന വമ്പന്മാര്ക്കുപോലും അടിതെറ്റുന്ന അവസ്ഥ. ഇങ്ങനെയൊരു സിനിമാ ദുസ്ഥിതി മലയാളത്തെ വേട്ടയാടുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ നാളുകളായി ഈ രംഗത്തു തുടര്‍ന്നു വന്നിരുന്ന ദുഷ് പ്രവണതകളാണ് ഇവിടംവരെ എത്തിച്ചതെന്നതാണ് വസ്തുത.
മലയാള സിനിമയുമായി ബന്ധപ്പെട്ടു നില്ക്കുന്ന സര്‍വമേഖലകളേയും ഇന്നത്തെ പ്രതിസന്ധി ബാധിക്കും എന്നതില്‍ സംശയമില്ല. സിനിമാസംഘടനകള്‍ ശക്തമാണെന്നുള്ള വിശ്വാസംകൂടിയാണ് ഇപ്പോള്‍ തകരുന്നത്. ഇത്തരം സംഘടനകളില്‍ ഗ്ളാമര്കൊണ്ടു തിളങ്ങി നിന്നിരുന്ന താരസംഘടനയായ അമ്മ തന്നെയാണ് കൂടുതല്‍ തകര്‍ച്ച നേരിടുന്നത്. മാഫിയയും പണക്കൊഴുപ്പുംകൊണ്ടു ദുഷിച്ചുവെന്നാണ് ഈ സംഘടനെയക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വസ്തുതകളില്‍ നിന്നും മനസിലാകുന്നത്. സംഘടനയില്‍ ജനാധിപത്യമില്ലെന്നും ചിലരുടെ മാത്രം ആധിപത്യം മാത്രമാണെന്നും സംഘടനാംഗങ്ങളായ ചില താരങ്ങള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ഇനിയും പലതും പുറത്തുവരാനിരിക്കുന്നുവെന്നാണ് ഇവര്‍തന്നെ നല്കുന്ന സൂചന. സിനിമാസംഘടനകളുടെ ഭാവി ഇനി എന്താകുമെന്ന ചോദ്യം ബാക്കിയാണ്.
താരസംഘടനയായ അമ്മ പിളരുകയോ മറ്റൊന്നാകുകയോ ചെയ്യാം. ഇന്നുള്ള നേതൃത്വം മാറി യുവ നേതൃത്വം ഉണ്ടാകുമെന്നും കേള്‍ക്കുന്നു. യുവാക്കള്‍ക്കു ഒട്ടുംതന്നെ പ്രാതിനിധ്യമില്ലാത്ത സാഹചര്യമാണ് ഇന്നത്തേത്. പ്രായമുള്ള സൂപ്പര്‍ താരങ്ങളുടെ നിയന്ത്രണ ചരടുകളും അപ്രമാദിത്വവും അഴിയുകയാണെന്നാണ് സൂചനകള്‍. അത്രത്തോളം പഴിയാണ് അവര്‍ ഇപ്പോള്‍ കേള്‍ക്കുന്നത്.
സിനിമാസംഘടനകള്കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന് പണ്ട് നിശബ്ദമായിചോദിച്ചവര് തന്നെയാണ് ഏതാനും ചിലര്‍ക്കുമാത്രമായിരുന്നു ഗുണമെന്നു വിളിച്ചു പറയുന്നത്. സംഘടനകള്‍ ഉണ്ടായതോടുകൂടി പരസ്പരം പോരുവിളിച്ചു കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയായിരുന്നു. സംഘടനകള്‍ ഇല്ലാതിരുന്നകാലത്ത് ഇന്നത്തെ പ്രതിസന്ധികളുടെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തന്നെ റിലീസ് മുടങ്ങുകയോ മുടക്കുകയോ തിയറ്റര്‍ തന്നെ അടച്ചിടുകയോപോലുള്ള അവസ്ഥകള്‍ ഉണ്ടായിട്ടില്ല. സംഘടനാ സ്വാതന്ത്ര്യംവേണ്ടെന്നു ആരും പറയുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അതു അനിവാര്യമാണ്. സംഘടനയെ ആരെങ്കിലും ഹൈജാക്കുചെയ്യുന്നതാണ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: