ഹൈദരാബാദ്: ബിയര്‍ ആരോഗ്യത്തിന് ഗുണകരമായ പാനീയമാണെന്ന് അഭിപ്രായപ്പെട്ട ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കില്‍. സംസ്ഥാനത്തിന്റെ മദ്യ നയത്തെ പറ്റി ചര്‍ച്ച നടത്തുന്നതിനിടെ മന്ത്രി നടത്തിയ പ്രസ്താവന വിവാദമായതോടെ പ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
ബിയര്‍ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണ്. ബിയറിന്റെ പ്രചാരണത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും കഴിഞ്ഞ ദിവസമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോളുള്ള മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് അഭിപ്രായമെന്നും ജവഹര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവും എംഎല്‍എയുമായ ആര്‍.കെ റോജ രംഗത്തെത്തി. എങ്കില്‍ ബിയര്‍ മെഡിക്കല്‍ ഷോപ്പില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമോയെന്ന് റോജ പരിഹസിച്ചു.
















