കുന്നത്തൂര്‍: മെത്ത, ബാംബു കര്‍ട്ടന്‍, ചവിട്ടികള്‍ എന്നിവയുടെ വില്‍പ്പനയ്‌ക്കായി വീടുകളിലെത്തുന്ന സംഘം വീട്ടമ്മമാരെ തട്ടിപ്പിന് ഇരയാക്കുന്നത് വ്യാപകമാകുന്നു.
പോരുവഴി, ശൂരനാട് മേഖലകളിലെ ചില മെത്തക്കടക്കാരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. കൂടാതെ ഇത്തരക്കാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആക്ഷേപമുണ്ട്. പ്രധാനമായും സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളാണ് ഇവര്‍ തട്ടിപ്പിന് തെരഞ്ഞെടുക്കുന്നത്. തുച്ചമായ പണമെ ചിലവാകു എന്ന് വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് വീടുകളില്‍ ബാംബു കര്‍ട്ടണുകളും ചവിട്ടികളും മറ്റും ഇട്ടുകൊടുക്കും. അഡ്വാന്‍സ് തുകയും വാങ്ങി ബാക്കി തുക ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ മതിയെന്നറിയിച്ച് ഇവര്‍ മടങ്ങും.
പറഞ്ഞുറപ്പിച്ച തുകയില്‍നിന്നും വളരെ കൂടിയ തുകയുടെ ബില്ലുമായാണ് ഇവര്‍ പിന്നീടെത്തുക. നിരക്ക് കൂട്ടിയത് അളവ് കൂടിയത് കൊണ്ടാണെന്ന് പറഞ്ഞ് വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി മുഴുവന്‍തുകയും കൈക്കലാക്കുകയാണ് സംഘം ചെയ്യുന്നത്. ഇതിന് വഴങ്ങാത്ത വീടുകളില്‍ നിന്നും ഇവര്‍ ഇട്ട സാധനങ്ങള്‍ തിരിച്ചെടുത്ത് കൊണ്ടുപോകും. ഇതുമൂലം വീട്ടുകാര്‍ക്ക് അഡ്വാന്‍സ് നല്‍കിയ തുകയും നഷ്ടപ്പെടുന്നു.
തട്ടിപ്പിന് നിരവധി പേര്‍ ഇരയാകുന്നുണ്ടെങ്കിലും ആരും തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. തട്ടിപ്പ് നടത്തുന്നവരെപ്പറ്റി കൃത്യമായ വിവരമില്ലാത്തതാണ് പരാതിപ്പെടാന്‍ തടസമായി നില്‍ക്കുന്നത്. ഈ അവസരം തട്ടിപ്പുസംഘം പരമാവധി മുതലെടുക്കുകയാണ്. ഒരു പ്രത്യേകവിഭാഗത്തില്‍പെട്ടവരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്.
ഈ സംഘത്തില്‍പെട്ട ഒരാളെ ബാലപീഡനത്തിന് കഴിഞ്ഞദിവസം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കച്ചവടക്കാരെ പരമാവധി അകറ്റിനിര്‍ത്താന്‍ വീട്ടമ്മമാര്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപജില്ലകളിലും സമാനരീതിയിലുള്ള തട്ടിപ്പ് വ്യാപകമാണ്.
















