വാളകം: സ്‌കൂള്‍ കെട്ടിടം ബിവറേജസ് ഔട്ട്‌ലെറ്റായി. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം. ജില്ലയുടെ കിഴക്കന്‍മേഖലയിലെ വാളകം ഒഴുകുപാറക്കലിലാണ് വിദ്യ പകര്‍ന്നുനല്‍കിയ കെട്ടിടം മദ്യശാലയായത്.
ഒരുവര്‍ഷത്തിന് മുന്‍പ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ പ്രവര്‍ത്തിച്ച സ്ഥലം സ്‌കൂള്‍ നിര്‍ത്തിയപ്പോള്‍ മാനേജ്‌മെന്റ്—മദ്യശാലക്കായി നല്‍കി. 82 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പട്ടയ ഭൂമിയുടെ തൊട്ടുമുന്നിലായാണ് മദ്യശാല അനുവദിച്ചിരിക്കുന്നത് എന്നതും പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് കൂടി ബസ് സര്‍വീസ് ഇല്ല. കുട്ടികള്‍ നടന്നുപോകുമ്പോള്‍ മദ്യപിച്ചു തങ്ങളുടെ മക്കളെ അവര്‍ ഉപദ്രവിക്കുമെന്നും, ഹരിശ്രീ പഠിപ്പിച്ച സ്ഥലം മദ്യശാലയാക്കിയതിനെതിരെ സാംസ്‌കാരികനായകന്മാര്‍ ഉണരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിഉത്തരവ് പ്രകാരമാണ് ഇവിടെ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നതെന്നാണ് കടക്കല്‍ സിഐ സാനി പറയുന്നത്. പോലീസ് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യം വാങ്ങാന്‍ ആള്‍ക്കാരെ അകത്തേക്കു കടത്തിവിട്ടത് കഴിഞ്ഞദിവസം നാട്ടുകാരും പോലീസും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷത്തിന് കാരണമായി. നാട്ടുകാര്‍ ഉപരോധസമരം നടത്തുകയാണ്. നീതിയ്‌ക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്‌മ തീരുമാനിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
















