തിരുവനന്തപുരം: ഗുജറാത്തില്‍ സബര്‍മതി ആശ്രമവും പരിസരവും ശുചീകരിച്ച് പ്രദേശത്തിന്റെയാകെ മുഖച്ഛായ മാറ്റിയതുപോലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. നഗരസഭാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സ്നേഹ സംഗമത്തില്‍ സ്മാര്‍ട്ട് സിറ്റി ലോഗോ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സബര്‍മതിക്ക് മാറ്റം വന്നത്, ആ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാന്‍ നഗരസഭാ ഭരണ നേതൃത്വം മനസ്സിലാക്കണം.
ഹൈക്കോടതി ബഞ്ചുകൂടി തലസ്ഥാനത്ത് കൊണ്ടുവരാന്‍ ശ്രമിക്കണം. സാധാരണ കണ്ടുവരുന്നത് തലസ്ഥാനത്ത് വച്ച് ഹൈക്കോടതി ബഞ്ച് വേണമെന്ന് നേതാക്കള്‍ പറയുകയും എന്നാല്‍ എറണാകുളത്ത് എത്തുമ്പോള്‍ നിലപാട് മാറ്റുകയുമാണ്ചെയ്യുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി ലോഗോ കെടിഡിസി ചെയര്മാന് വിജയകുമാറിന് നല്കി പ്രകാശനം ചെയ്തു
തിരുവനന്തപുരം നഗരസഭയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു സ്നേഹ സംഗമം.മേയര്‍ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്, അയ്യപ്പന്‍പിള്ള, മുന്‍ ചീഫ് സെക്രട്ടറി വിജയാനന്ദ്, നഗരസഭ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍, മുന്മേയര് ചന്ദ്രിക തുടങ്ങിയവര്‍ സംബന്ധിച്ചു.
















