കാട്ടാക്കട: കുടിയിറക്കപ്പെട്ട് വില്ലേജ് പടിക്കലില്‍ കഴിയുന്ന ദളിത് സ്ത്രീയെ എഡിഎം വിളിച്ചു വരുത്തി അധിക്ഷേപിച്ചതായി പരാതി. കാട്ടാക്കട കിള്ളി മേച്ചിറയില്‍ നിന്ന് കുടിയിറക്കിയ ദളിത് കുടുംബത്തിലെ കുമാരിയെയാണ് തിരുവനന്തപുരം എഡിഎം ജോണ്‍ സാമുവല്‍ അധിക്ഷേപിച്ചത്.
ഇന്നലെ വൈകിട്ട് 4 ന് അനുരഞ്ജന ചര്‍ച്ചയ്‌ക്കെന്ന വ്യാജേനയാണ് കുമാരിയെയും മകന്‍ രതീഷിനെയും എഡിഎം കളക്‌ട്രേറ്റിലേക്ക് വിളിപ്പിച്ചത്. എഡിഎമ്മിനെ കൂടാതെ കാട്ടാക്കട തഹസില്‍ദാര്‍ കലാധരകുമാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരും ചര്‍ച്ചയ്‌ക്കുണ്ടായിരുന്നു. തങ്ങളുടെ ഭാഗം പറയാന്‍ ഒപ്പം കൂട്ടിയ പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷിനെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ പുറത്തു നിര്‍ത്തിയെന്ന് കുമാരി പറയുന്നു. ചെന്നപാടെ എഡിഎം തന്നോട് കയര്‍ക്കുകയും വില്ലേജ് പടിക്കലില്‍ കൊതുക് കടികൊണ്ട് കിടക്കാന്‍ നാണമില്ലേയെന്നും ചോദിച്ചെന്ന് കുമാരി പറയുന്നു.
ബിജെപിക്കാര്‍ രാഷ്‌ട്രീയ ലാഭം കൊയ്യാനും ജില്ലയില്‍ മുന്നേറ്റം നടത്താനുമാണ് നിങ്ങളെ കരുവാക്കുന്നത്. നിങ്ങള്‍ക്ക് ദൂരെ എവിടെയെങ്കിലും വീട് വാടകയ്‌ക്കെടുത്ത് തരും. അങ്ങോട്ട് മാറിക്കോണം. ഇല്ലെങ്കില്‍ മൂന്നുദിവസത്തിനുള്ളില്‍ എല്ലാത്തിനെയും അറസ്റ്റുചെയ്ത് ജയിലിലടയ്‌ക്കുമെന്നും എഡിഎം ആക്രോശിച്ചതായി കുമാരി പറയുന്നു. വില്ലേജില്‍ അഭയം തേടിയ തങ്ങളെ ബിജെപിക്കാര്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. അവര്‍ ഒപ്പമില്ലായിരുന്നെങ്കില്‍ ഇതിനു മുമ്പേ ഞങ്ങള്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് ഇവര്‍ എഡിഎമ്മിനോട് പറഞ്ഞിട്ട് മുറി വിട്ടിറങ്ങി. ഈ സമയം പുറത്തുണ്ടായിരുന്ന പട്ടികജാതി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി എഡിഎമ്മിനോട് കുമാരിയെ അധിക്ഷേപിക്കാനാണോ വിളിച്ചു വരുത്തിയതെന്ന് ചോദിച്ചെങ്കിലും ജോണ്‍ സാമുവല്‍ മറുപടി പറഞ്ഞില്ല. മാസങ്ങള്‍ക്ക് മുമ്പ് കുമാരിയുടെ വസ്തു സംബന്ധമായ പരാതി ശരിയാണെന്ന് കളക്ടറോട് വാദിച്ചയാളായിരുന്നു എഡിഎം. പൊടുന്നനെ എഡിഎം ഇരയെ ഭീഷണിപ്പെടുത്തി വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്നത് ദുരൂഹമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ സന്തോഷ്, സെക്രട്ടറി ജെ. ഹരി, കെപിഎംഎസ് താലൂക്ക് സെക്രട്ടറി കണ്ടല സുരേഷ് എന്നിവര്‍ ആരോപിച്ചു.
















