പള്ളുരുത്തി: ഇന്ധനം നിറച്ചു കൊണ്ടിരുന്ന പിക്ക് അപ്പ് വാന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശി നാനാജി (23)യെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.
അരൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എന്ന മത്സ്യക്കയറ്റുമതി സ്ഥാപനത്തിലെ എയ്സ് വാഹനമാണ് അരൂര്‍ പുത്തനങ്ങാടിക്കു സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്നും ഡ്രൈവര്‍ ബില്ല് വാങ്ങാന്‍ പോയ സമയം കടത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ ബിജു ബഹളം വെച്ച് പിന്നാലെ ഓടി. സംഭവമറിഞ്ഞ് പെട്രോള്‍ പമ്പിലുണ്ടായിരുന്നവര്‍ വാഹനത്തെ പിന്തുടര്ന്നു.
ഇടക്കൊച്ചി പാലത്തിനു സമീപം മറ്റൊരു വാഹനം കുറുകെയിട്ടതിനെ തുടര്‍ന്ന് കടത്തിക്കൊണ്ടു വന്ന വാഹനം സമീപത്തെ വീടിനു പരിസരത്തേക്ക് മോഷ്ടാവ് ഓടിച്ചു കയറ്റി. വൈദ്യുത പോസ്റ്റില്‍ ഇടിച്ചു നിന്ന വാഹനത്തില്‍ നിന്നും ഇയാള്‍ കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം കായലില്‍ മത്സയബന്ധനം നടത്തിയവര്‍ ഇയാളെ തടഞ്ഞുവെച്ചു. ഈ സമയം കരയില്‍ നിന്നുള്ള ചിലര്‍ കായലിലേക്ക് വഞ്ചിയില്‍ എത്തി ഇയാളെ സമീപത്തെ ചീനവല തട്ടിലേക്ക് കയറ്റുകയായിരുന്നു. സ്ഥലത്തെത്തിയ പള്ളുരുത്തി എസ്ഐ വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി അരൂര്‍ പോലീസിന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍ക്കായി ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തു വരികയാണെന്ന് അരൂര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: