നെയ്യാറ്റിന്‍കര: കീഴാറൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുട്ടിസഖാക്കളുടെ ഗുണ്ടായിസം. പണം നല്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് മാല കവര്‍ന്നു. വര്‍ഷങ്ങളായി രാഷ്‌ട്രീയം നിരോധിച്ച കീഴാറൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് എസ്എഫ്‌ഐയിലെ കുട്ടിസഖാക്കന്‍മാര്‍ അഴിഞ്ഞാടിയത്.
സ്‌കൂളിലെ വിദ്യാര്‍ഥിയായ കീഴാറൂര്‍ സ്വദേശി രാഹുല്‍ (17) ആണ് കുട്ടിസഖാക്കളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സ്‌കൂളിലെ എസ്എഫ്‌ഐ നേതാക്കള്‍ രാഹുലിനോട് പണം ചോദിച്ചു. തന്റെ കൈയില്‍ പണം ഇല്ലെന്നു പറഞ്ഞ് നടന്നുപോയ രാഹുലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിഷ്ണു പിന്നില്‍ നിന്ന് ചവിട്ടി വീഴ്‌ത്തുകയായിരുന്നു. നിലവിളിച്ച് ഓടാന്‍ ശ്രമിച്ച രാഹുലിനെ വിഷ്ണുവിന്റെ സുഹൃത്തുക്കളായ പ്രേം, നന്ദു എന്നിവര്‍ ചേര്‍ന്ന് പിടിച്ചുവയ്‌ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തലയ്‌ക്കും നട്ടെല്ലിനും ക്രൂരമായി മര്‍ദ്ദനമേറ്റ രാഹുല്‍ നിലത്തുവീണു. തുടര്‍ന്ന് രാഹുലിന്റെ കഴുത്തില്‍ നിന്ന് മാല വലിച്ച് പൊട്ടിച്ചശേഷം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയശേഷം മൂന്നംഗ സംഘം കടന്നുകളഞ്ഞു. അവശനായ രാഹുലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആര്യന്‍ങ്കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















