മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഈ മാസം പതിനഞ്ചിനകം ഭാഗീകമായി തീര്‍ക്കണമെന്നാവശ്യപ്പെട്ട് അറകുറ്റപ്പണി നടത്തുന്ന കമ്പനിക്ക് അധികൃതര്‍ നോട്ടീസ് നല്കി.
ഫെബ്രുവരി മാസത്തിലാണ് ഡാമില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഏപ്രില്‍ അവസാനത്തോടെ ഡാം തുറന്നുവിട്ട് ഭിത്തിയിലുള്ള ചോര്‍ച്ച കണ്ടെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 14.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. സൈപെക്സ് എന്ന ക്രീമിംഗ് സംവിധാനം ഉപയോഗിച്ചാണ് വിടവുകള്‍ അടക്കുന്നത്.
ഡാമിലെ വെള്ളം പൂര്‍ണമായും തുറന്നുവിട്ടാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്. എന്നാല്‍ ജൂലൈ,ആഗസ്ത് മാസം അവസാനം വരെ മഴ ലഭിക്കുമെന്നതിനാല്‍ ഡാം നിറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആയതിനാല്‍ 15നകം കൂടുതല്‍ ചോര്‍ച്ചയുള്ള ഭാഗം അടച്ച് ബാക്കിയുള്ള പ്രവൃത്തികള്‍ അടുത്ത സീസണില്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ രമേഷ് പറഞ്ഞു.
അല്ലാത്തപക്ഷം അടുത്ത വേനലിനു മുമ്പുതന്നെ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരും. നിലവില്‍ ലഭിച്ച മഴയുടെ തോതനുസരിച്ചാണ് പുതിയ തീരുമാനം.
ഇതിനിടെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള ബേബി ഡാം തുറന്നുവിട്ടിരുന്നു. ഇവിടെ നിന്നാണ് കാഞ്ഞിരപ്പുഴ,കാരാകുര്‍ശ്ശി, തച്ചമ്പാറ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത്.
എന്നാല്‍ ഷട്ടര്‍ തുറന്നതുകാരണം കുടിവെള്ള വിതരണത്തിന് തടസം വരില്ലെന്നും മഴയുടെ ലഭ്യതഅനുസരിച്ച് ഷട്ടറുകള്‍ അടക്കുന്നതും തുറക്കുന്നതും സാധാരണയാണെന്നും എഞ്ചിനിയര്‍മാര്‍ പറഞ്ഞു.
എന്നാല്‍ വലതുകനാല്‍ വഴിയുള്ള ജലവിതരണത്തിന് കാലതാമസമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.കനാല്മുഖത്ത് അടിഞ്ഞുകൂടിയ മണ്ണും-മണലും നീക്കംചെയ്യുന്നതിന് ഫണ്ട് ലഭിച്ചാല്‍ മാത്രമേ ജലവിതരണം സാധ്യമാകൂവെന്നാണ് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: