പടിഞ്ഞാറത്തറ : ബാണാസുര ഹൈഡല്‍ ടൂറിസംകേന്ദ്രത്തിലെ വിനോദസഞ്ചാരികളുടെ ആകര്‍ഷണ ഇനമായ സ്പീഡ്ബോട്ടുകള് പകുതിയും പ്രവര്‍ത്തിക്കുന്നില്ല. ആകെയുള്ള ഏഴു ബോട്ടുകളില്‍ മുന്നെണ്ണം മാത്രമാണ് പെരുന്നാള്‍ അവധിദിനങ്ങളില്‍ പ്രവര്‍ത്തിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാത്തതാണ് വരുമാന നഷ്ടത്തിനും സഞ്ചാരികളെ നിരാശരാക്കുന്നതിനും ഇടയാക്കുന്നതെന്നാണ് ആരോപണം. പടിഞ്ഞാറത്തറ ബാണാസുരഹൈഡല് ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന വിനോദ ഇനമാണ് സ്പീഡ് ബോട്ടില്‍ ജലാശയത്തിലൂടെ ചീറിപ്പാഞ്ഞു കൊണ്ടുള്ള യാത്ര. രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം വരെയുള്ള സ്പീഡ്ബോട്ട് സര്‍വ്വീസിന് ഒരു ട്രിപ്പിന് 750രൂപയാണ് സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത്. അഞ്ചുപേര്‍ക്കാണ് ഒരു ബോട്ടില്‍ യാത്രചെയ്യാന്‍ സൗകര്യമുള്ളത്.ടൂറിസം കേന്ദ്രത്തില്‍ ആവശ്യത്തിന് ബോട്ടുകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയതോടെയാണ് രണ്ട് വര്‍ഷം മുമ്പ് അഞ്ച് ബോട്ടുകള്‍ ഡിടിപിസി ഹൈഡല്‍ ടുറിസം കേന്ദ്രത്തിന് നല്‍കിയത്. ഇതിനുപുറമെ 20 പേര്‍ക്ക് പോകാവുന്ന പൊന്ടൂണും ജലാശയത്തിലുണ്ട്. എന്നാല്‍ ഏതാനും മാസങ്ങളായി കേന്ദ്രത്തിലെ ബോട്ടുകളില്‍ ഭൂരിഭാഗവും കട്ടപ്പുറത്താണ്. മഴക്കാലമായിട്ടു പോലും സഞ്ചാരികള്‍ ഒഴുകിയെത്തിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ രണ്ട് സ്പീഡ്ബോട്ടുകള് മാത്രമാണ് സര്‍വ്വീസ് നടത്തിയത്. ബാക്കിയുള്ളവ മോട്ടോര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വെള്ളത്തിലിറക്കിയില്ല. സാങ്കേതികകാരണങ്ങളാല്‍ ബോട്ടുകളുടെ എണ്ണക്കുറവില്‍ സഞ്ചാരികള്‍ സഹകരിക്കണമെന്ന അറിയിപ്പാണ് ബോട്ടുകളില്‍ കയറാനെത്തിയ സഞ്ചാരികളെ വരവേറ്റത്. ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഏറ്റവും കുറഞ്ഞ വരുമാനമാണ് ഈവര്‍ഷം കേന്ദ്രത്തിന് ലഭിച്ചത്. രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയുണ്ടായിട്ടും 7851 പേര് കേന്ദ്രം കാണാനെത്തിയെങ്കിലും 750 പേര്‍ക്ക് മാത്രമാണ് ബോട്ട്സര്വ്വീസില് കയറാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ പെരുന്നാള്‍ ദിവസങ്ങളില്‍ ആറ് ലക്ഷംരൂപ വരെ വരുമാനം ലഭിച്ചെങ്കിലും ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായി ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന് ലഭിച്ചത് 348292 രൂപ മാത്രമാണ്. ഇതാവട്ടെ ഈവര്‍ഷം മുതല്‍ ആരംഭിച്ച വാട്ടര്സോര്ബിന് ഉല്‍പ്പെടെയുള്ള വരുമാനമാണ്. യഥാസമയത്ത് സ്പീഡ് ബോട്ടുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കുന്നതില് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് വരുമാന നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: