ബെയ്റൂട്ട്: ലബനനിലെ ബെക്കാ താഴ്വരയില് സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പുകളിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം.
കൂടുതല്‍ പേര്‍ മരണമടഞ്ഞിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാ ദൈഘ്യമുള്ള ക്വാബ് ഏലിയാസ് പട്ടണത്തിനടുത്താണ് അഭയാര്‍ഥി ക്യാമ്പ്. ഇവിടെയുണ്ടായിരുന്ന നൂറിലധികം ടെന്റുകള്‍ കത്തിനശിക്കുകയായിരുന്നു.
തീപിടുത്തമുണ്ടായ ഇവിടെ 102 കുടുംബങ്ങളെ പാര്‍പ്പിച്ചിരുന്നതായി യുനൈറ്റഡ് നാഷന്‍സ് ഹൈ കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ് (യു എന്‍ എച് സി ആര്‍ ) അംഗം ഡാന സ്ലീമാന്‍ പറഞ്ഞു. എത്ര ടെന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും അവര്‍ പറഞ്ഞു.
ആഭ്യന്തരയുദ്ധത്തെതുടര്ന്നു സിറിയയില്‍ നിന്ന് പലായനം ചെയ്ത പത്തുലക്ഷത്തോളം പേര്‍ ലബനനില്‍ അഭയാര്‍ഥികളായുണ്ടെന്നാണു കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
















