പെരുമ്പാവൂര്‍: കേരളത്തിലെ സാംസ്കാരിക സംഘടനകളില്‍ ഒന്നാം സ്ഥാനത്ത് തപസ്യയാണെന്ന് കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ് കുമാര്‍. പെരുമ്പാവൂരില്‍ തപസ്യ കലാ സാഹിത്യ വേദിയുടെ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശങ്കരപ്രതിമ വയ്ക്കേണ്ടത് ശങ്കരനാമത്തിലുള്ള സ്ഥാപനത്തിന് മുന്നില്‍ തന്നെയാണ്. ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ക്രിസ്തുവിന്റെ പ്രതിമ വയ്ക്കുന്നതില്‍ തെറ്റില്ലെന്നും ഡോ.ദിലീപ് കുമാര്‍ പറഞ്ഞു. ഭാരത സംസ്കാരത്തിന്റെ തുടര്‍ച്ചയ്ക്ക് കാരണം സാഹിത്യമാണ്. അതിനാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ തപസ്യയുടെ ശബ്ദം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. രാമചന്ദ്രന് അദ്ധ്യക്ഷനായി. മേഖലാ അദ്ധ്യക്ഷന്‍ എം. മോഹനന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ പി. മനോഹരന്, ജില്ലാ സെക്രട്ടറി വി.എന്‍. സന്തോഷ് കുമാര്‍, ജില്ലാ സമിതി അംഗം കെ.കെ. സുധാകരന്, പെരുമ്പാവൂര്‍ യൂണിറ്റ് ഭാരവാഹികളായ പി.കെ. രാജീവ്, ഡോ.ബി. രാജീവ്, സ്വാഗത സംഘം പ്രസിഡന്റ് ഡോ.വി. സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് നടന്ന സമാദരണ സഭയില്‍ ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീല മേനോനെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഡോ.വി. സനല്‍കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മുരളി പാറപ്പുറം, സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ് കേന്ദ്രീയ അനുധാന്‍ സമിതി അംഗം എം.ജെ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: