കോഴിക്കോട്: രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യക്രമത്തിന്റെ ഭാഗമായി അക്രമങ്ങള്‍ തടയുന്നതിന് എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സത്യത്തെ ഭയക്കുന്നതുകൊണ്ടാണ് ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമാധാന സംവാദത്തില്‍ പങ്കെടുക്കാതിരുന്നത്.
ന്യൂനപക്ഷ സംരക്ഷകരെന്ന പേരിലാണ് ഇവര്‍ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോള്‍ സത്യം സാധാരണ ജനങ്ങളുടെ ഇടയിലേക്ക് എത്താത്ത സംവിധാനം ഉണ്ടാകുന്നു. ബിജെപിയും ആര്‍എസ്എസും എതിരാളികളെ ഇല്ലാതാക്കുന്നവരാണെങ്കില്‍ എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സംഭവിക്കാത്തതെന്ന് ചിന്തിക്കേണ്ടതാണ്.
ആര്‍എസ്എസ് നിയമ വ്യവസ്ഥയെ അനുസരിക്കുന്നവരാണ്. സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ ഒന്നില്‍പോലും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ല. എതിരാളികളെ മാനിക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
















