പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ കാവില്‍ പുരയിടം ജോയി ആത്മമഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി താലൂക്കു വികസന സമിതി യോഗത്തില്‍ പ്രതിഷേധം.
സമിതി അംഗം രാജന്‍ വര്‍ക്കിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കറുത്ത തുണി കൊണ്ട് വായ്‌മൂടിക്കെട്ടി ജോയിയുടെ ചിത്രവും ജോയിയുടെ കുടുബം താത്കാലികമായി മുമ്പ് ചെമ്പനോട വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കുന്ന ചിത്രവും ഒട്ടിച്ചു വെച്ചതും ജോയിയുടെ മരണത്തിനുത്തരവാദികളായ കൊയിലാണ്ടി തഹസില്‍ദാരടക്കം റവന്യു ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യക്കു കേസെടുക്കണമെന്നാവശ്യം രേഖപ്പെടുത്തിയതുമായ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയാണു പ്രതിഷേധമുയര്‍ത്തി രാജന്‍ വര്‍ക്കി പ്രശ്‌നമവതരിപ്പിച്ചത്. ഈ സമയം തഹസില്‍ദാര്‍ യോഗത്തിലില്ലായിരുന്നു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കൂമുള്ളി കരുണാകരന്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. കര്‍ഷകന്‍ ജോയിയുടെ മരണത്തില്‍ യോഗം ഉത്കണ്ഠയും അനുശോചനവും രേഖപ്പെടുത്തി. രണ്ട് മിനിട്ടു മൗനവുമാചരിച്ചു. ആറു മാസം മുമ്പ് തന്റെ പ്രശ്‌നത്തിനു പരിഹാരം ആവശ്യപ്പെട്ടു കൊയിലാണ്ടി താലൂക്കുവികസന സമിതിയില്‍ ജോയി പരാതി നല്‍കിയിരുന്നു. ഇതിന്‍മേലും നടപടി എടുത്തിരുന്നില്ല. ബാലുശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന്‍ നായര്‍, മേലടി ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. കൈരളി, അഡീഷണല്‍ തഹസില്‍ദാര്‍ ഗീതാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
















