മലപ്പുറം: ഗെയില്‍ വാതക പൈപ്പ്ലൈന് സംബന്ധിച്ചുള്ള ആശങ്കകള്‍ അനാവശ്യമാണെന്ന് ഗെയില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയില്‍ നിര്‍ദിഷ്ട പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോകുന്ന സ്ഥലത്തെ വീടുകളെയോ കെട്ടിട സമുച്ചയങ്ങളെയോ ബാധിക്കില്ല. പദ്ധതി പ്രദേശത്ത് വരുന്ന പത്ത് സെന്റില്‍ കുറവ് സ്ഥലമുള്ള ഭൂവുടമകള്‍ക്ക് ഭാവിയില്‍ വീടുകള്‍ നിര്മ്മിക്കാവന്ന രീതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. വിസ്തൃതിയില്‍ മാറ്റം വരുത്തി വീട് സംരക്ഷിച്ചാകും പൈപ്പ് സ്ഥാപിക്കല്‍. ആരാധനലായങ്ങള്‍ക്കും ദോഷം വരുത്തില്ല. സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ന്യായമായ നഷ്ടപരിഹാരം നല്കി ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും.
ജില്ലയില്‍ 58 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇപ്പോള്‍ സര്‍വേ പുരോക്കുന്ന ഇരിമ്പിളിയം മുതല്‍ പാണക്കാട് വരെ 28 കിലോമീറ്റര്‍ സ്ഥലം ഗെയില്‍ അധികൃതരും ജില്ലാ ഭരണകേന്ദ്രം പ്രതിനിധികളും നടന്ന് പരിശോധിച്ചിരുന്നു. അവിടെയെങ്ങും ഒരു വീടുപോലും നഷ്ടമാകുന്ന സ്ഥിതിയില്ല. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. പദ്ധതിക്കെരെ പ്രത്യേക അജന്‍ഡയോടെ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ആശങ്കപരത്തി ഭൂഉടമകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇവരാണ്. ചര്‍ച്ചകളിലും വിശദീകരണ യോഗങ്ങളും നുഴഞ്ഞുകയറി പൊളിക്കുന്ന ഇവരില്‍ പലരും പദ്ധതി പ്രദേശത്തെ താമസക്കാരല്ല.
വിജ്ഞാപനം ചെയ്ത സ്ഥലത്തിലൂടെ മാത്രമെ ലൈന്‍ പോകാവൂ എന്ന കോടതി നിര്‍ദ്ദേശമുളളതിനാല്‍ നിര്‍ദ്ദേശിച്ച അലൈന്‍മന്റില്‍ മാറ്റം ഉണ്ടാവില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011-12ല്‍ സ്ഥലമേറ്റടുപ്പ് തുടങ്ങിയത്. 2013-14 ല്‍ അന്തിമ വിജ്ഞാപനം വന്നു. ഭൂഉടമകളെ വിവരം അറിയിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ഇതിന്റെ രേഖകളൊക്കെ നോഡല്‍ ഓഫീസറുടെ പക്കലുണ്ട്. പദ്ധതി ആറുവര്‍ഷം മുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് നഷ്ടപരിഹാര തുക ഉയര്‍ത്തിയത്. അതിനാല്‍ ന്യായവിലയുടെ 75 ശതാനം വരെ ഭൂഉടമയ്ക്ക് ലഭിക്കും. നേരത്തെ ഇതു പത്തുശതമാനം മാത്രമായിരുന്നു. വിളകളുടെ നഷ്ടപരിഹാരം കൈവശക്കാര്‍ക്കും കിട്ടും. നഷ്ടപരിഹാരം കണക്കാക്കി പട്ടിക തയ്യറാക്കി നല്കിയാല് 21 ദിവസത്തിനകം പണം ലഭ്യമാക്കാനാകും.
12.5 മീറ്റര്‍ നീളമുള്ള പൈപ്പ് സുരക്ഷ സംബന്ധിച്ച എല്ലാ മാനദണ്ഡവും പാലിച്ചാണ് നിര്മിച്ചിരിക്കുന്നുന്നത്. നാലടി താഴ്ത്തിയാണ് പൈപ്പ് സ്ഥാപിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായ ക്ലീന്‍ ഫ്യൂവലാണ് കടത്തി വിടുന്നത്. പദ്ധതി കടന്നുപോകുന്ന എറണാകുളം, തൃശൂര്‍ ജില്ലകളിലൊന്നും വീടുകളോ ശൗചാലയങ്ങളോ കെട്ടിട സമുച്ചയങ്ങളോ ഇതിനായി പൊളിച്ചു മാറ്റിയിട്ടില്ല. ഇന്ത്യയില്‍ എല്ലായിടത്തും പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന് ഗെയില്‍ ഈ രീതിയാണ് അവലംബിക്കുന്നത്. സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാണ വിഭാഗം ചീഫ് മാനേജര്‍ എന്‍.എസ. പ്രസാദ്, ചീഫ് ലോ.മാനേജര്‍ ഷണ്മുഖ പിള്ള, പബ്ലിക് റിലേഷന്‍ മേധാവി രേവതി.എസ്.വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: