ഗുരുവായൂര്‍: തൈക്കാട് ബിവറേജസ് ഔട്ട് ലെറ്റിനെതിരെ സമരം നടത്തുന്ന ജനകീയ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മഹിളാ മോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി ഉപവാസ സമരം നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത നേതൃത്വം നല്കി.
ഉപവാസ സമരം നടന്നു കൊണ്ടിരിക്കെ മദ്യശാലയിലേക്ക് പുതിയ സ്റ്റോക്ക് ഇറക്കാന്‍ ശ്രമിച്ചത് ബഹളങ്ങള്‍ക്കിടയാക്കി. ലോഡുമായി വന്ന ലോറിക്കു മുന്നില്‍ ആത്മാഹുതി ഭീഷണിയുമായി പരിസരവാസിയായ ജലീല്‍ ഉപരോധം സൃഷ്ടിച്ചു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയതോടെ ഉപവാസം ഉപരോധമായി മാറി.
ലോഡ് ഇറക്കാന്‍ സമ്മതിക്കാതെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും ജനകീയ സമരസമിതി പ്രവര്‍ത്തകരായ സ്ത്രീകളും സ്ഥാപനത്തിന്റെ ഗേറ്റിനു മുന്പില് ഉപരോധം തീര്‍ത്തതോടെ ലോഡ് ഇറക്കാനാവാതെ ലോറി തിരിച്ചയച്ചു. സമരം നടക്കുന്ന സമയത്ത് ലോഡ് ഇറക്കില്ലെന്നും അറസ്റ്റു ചെയ്ത ജലീലിനെ വിട്ടയക്കാമെന്നും അധികൃതര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ശാന്തി സതീശന്, മണ്ഡലം പ്രസിഡണ്ട് സുശീല മുരളി, സെക്രട്ടറി ദീപ ബാബു, സീന സുരേഷ്, ബി.ജെ.പി.മണ്ഡലം വൈസ് പ്രസിഡണ്ട് സിന്ധു അശോകന് എന്നിവര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തു. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ് സമരാര്ത്ഥികള്ക്ക് നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: