മേപ്പാടി : പക്കാളിപ്പള്ളം ആനപ്പാറ, കുന്നമ്പറ്റ, ഓടത്തോട് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. അട്ടമല ഭാഗത്ത് രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ ഇറങ്ങുന്നു. ഇടയ്ക്കിടെ എത്തുന്ന ഒറ്റയായന്‍ തെങ്ങുകളും കവുങ്ങുകളും പിഴുതെറിയുന്നു. നാട്ടുകാര്‍ ബഹളംവെച്ചാല്‍ ശബ്ദമുയരുന്ന ഭാഗത്തേക്ക് മരകൊമ്പുകളൊടിച്ച് വലിച്ചെറിയും. ചെമ്പ്ര വനഭാഗത്തുനിന്നാണ് ഇവിടെ കാട്ടാനകള്‍ എത്തുന്നത്. ചെമ്പ്ര ചായതോട്ടത്തിലെ വിജനമായ ഭാഗങ്ങളിലും ആനകൂട്ടം താവളമാക്കുന്നു. പല ഭാഗത്തും ആനക്കിടങ്ങുകളും വൈദ്യുതി വേലികളും ഉണ്ടെങ്കിലും ഇതൊന്നും കാട്ടാനകള്‍ക്ക് പ്രശ്നമല്ല. ആനകിടങ്ങുകള്‍ ഇടിച്ചുനിരത്തിയും വൈദ്യുതി കമ്പികളിലേക്ക് മരം തള്ളിയിട്ടും ആനായാസേന കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നു. ആനകളെ പേടിച്ച് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍പറ്റാത്ത അവസ്ഥയാണിവിടെ . പലരും രാവിലെ മദ്രസ്സകളില്‍ കുട്ടികളെ അയക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പച്ചേരികാട്ടില് ഹരികൃഷ്ണന്റെ തോട്ടത്തിലിറങ്ങിയ ഒറ്റയാന് വന്‍ വിളനാശമാണ് വരുത്തിയത്. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളാണ് കുത്തിമറിച്ചത്. നാട്ടുകാര്‍ പലരും തെങ്ങുകളില്‍ മുള്ള് കമ്പി ചുറ്റി ആനകളില്നിന്നും രക്ഷപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
പക്കാളിപ്പള്ളം കോളനിയിലെ രാമന്, കേളു, ബാലന് എന്നിവരുടെ വിളകളും വ്യാപകമായി നശിപ്പിച്ചു. ആനക്കിടങ്ങുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു പരിധിവരെ വന്യമൃഗശല്യത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പാറകൂട്ടങ്ങളുള്ള ഭാഗങ്ങളില്‍ ആനക്കിടങ്ങുകള്‍ നിര്‍മ്മിക്കാത്തതും വന്യമൃഗശല്യം കൂടാന്‍ കാരണമാകുന്നു. പ്ലാവുകളില്‍ ചക്ക കായ്ക്കുന്ന കാലത്തും പഴുക്കുന്ന കാലത്തും ആനകള്‍ യഥേഷ്ടം ഇവിടെയെത്തുന്നു. വനവഭാഗങ്ങളിലെ മുളംകൂട്ടങ്ങള്‍ പൂത്തുനശിച്ചതും കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെക്കിറങ്ങാന് കാരണമായി. വന്യമൃഗശല്യത്തിന് എതിരെ നിര്‍മ്മിച്ച വൈദ്യുതി കമ്പിവേലികളാകട്ടെ ദൂരകൂടുതലുള്ളതിനാല് വന്യജീവികള്‍ക്ക് ഇത് ഭീഷണിയേയല്ല. ഇവിടെ ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ വൈദ്യുതി കമ്പിവേലികള്‍ ഉണ്ട്. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ വരെ മാത്രമേ ഇതിന് പൂര്‍ണ്ണ പ്രവര്‍ത്തന ക്ഷമത ലഭിക്കുകയുള്ളൂ. ജനരോക്ഷം ഭയന്ന് ഇക്കാര്യം വനപാലകര്‍ നാട്ടുകാരോട് പറയുകയുമില്ല.പ്രദേശവാസികള്‍ക്ക് അഞ്ചുമണിക്കുശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: