മുംബൈ: മദ്യ രാജാവ് വിജയ് മല്ല്യയ്‌ക്ക് ഒരിക്കലും വായ്‌പ തിരിച്ചടയ്‌ക്കാന്‍ ഉദ്ദേശമില്ലായിരുന്നെന്ന് സിബിഐ. അനുബന്ധ കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. മല്ല്യയ്‌ക്കും മറ്റു പത്തുപേര്‍ക്കുമെതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സും ജാമ്യക്കാരായ യുണൈറ്റഡ് ബ്രൂവെറീസും മല്ല്യയും ബാങ്കുകളെ തെറ്റിധരിപ്പിച്ചാണ് വായ്‌പ തരപ്പെടുത്തിയത്. ബാങ്കുകളെ വഞ്ചിക്കാനായിരുന്നു ശ്രമം. പ്രാരംഭകാലം മുതല്‍ വായ്‌പ തിരച്ചടയ്‌ക്കാന്‍ അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നെന്ന് സിബിഐ ആരോപിച്ചു.
2009 തോടെ വിവിധ ബാങ്കുകളില്‍ നിന്നായി കിങ്ങ്ഫിഷര്‍ 4998.5 കോടി വായ്‌പയെടുത്തിരുന്നു. 2500 കോടി രൂപ കൂടി ആവശ്യമായി വന്നു. പതിനേഴ് ബാങ്കുകളുടെ കണ്‍സോര്‍ഷിയം 2000 കോടി വായ്‌പ അനുവദിച്ചു. ഒട്ടെറെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് മല്ല്യ ഈ വായ്‌പകളൊക്കെ തരപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഐഡിബിഐ ബാങ്കില്‍ നിന്ന് 950 കോടി രൂപ വായ്‌പയെടുത്ത കിങ്ങ്ഫിഷര്‍ 200 കോടി രൂപ മൂന്ന് വര്‍ഷത്തിനുളളില്‍ സമാഹരിക്കുമെന്നും ഇതിനു പുറമെ 40 ദശലക്ഷം തന്ത്രപരമായ നിക്ഷേപത്തിലൂടെ സമാഹരിക്കുമെന്നും അവകാശപ്പെട്ടിരുന്നു. പാലിക്കപ്പെടണമെന്ന ഉദ്ദേശത്തോടെയല്ല ഈ അവകാശവാദങ്ങള്‍ ഉന്നയിച്ചതെന്ന് സിബിഐ ആരോപിച്ചു.
















