ഈ പോലീസുകാരന് യൂണിഫോം
അണിഞ്ഞത് രണ്ടുമാസം മാത്രംനിലമ്പൂര്: മുപ്പത്തിമൂന്ന് വര്‍ഷം കേരള പോലീസില്‍ സേവനം ചെയ്ത സദാശിവന് നിറഞ്ഞ മനസ്സോടെ പോലീസ് സേനയില്‍ നിന്ന് വിരമിക്കുന്നു. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ കാക്കിയണിയേണ്ടിവന്നത് രണ്ട് മാസം മാത്രം.
അമരമ്പലം പഞ്ചായത്തിലെ ചേലോട്കളത്തില് സദാശിവനാണ് ഈ അപൂര്‍വ നേട്ടം. 1984 ല്‍ ആണ് സദാശിവന് മലപ്പുറത്ത് എംഎസ്പിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവിടെ വെച്ച് തന്നെ ഹെഡ് കോണ്‍സ്റ്റബിളായി പ്രമോഷന് ലഭിച്ചു.
പ്രമോഷന് ലഭിച്ചതിത് ശേഷം തൃശൂരിലെ രാമവര്‍മപുരത്തെ ട്രെയിനിംഗ് സെന്ററില്‍ ഇന്‍സ്ട്രക്ടറായാണ് ജോലി ലഭിച്ചത്. ഇവിടെ നാല് ബാച്ചുകള്‍ക്ക് ട്രയിനിംഗ് കൊടുക്കാന്‍ സദാശിവന് കഴിഞ്ഞു. 90 ല്‍ വീണ്ടും എംഎസ്പിയില്‍ തിരിച്ചത്തി. 92ല്‍ ജില്ലാ പോലീസിലെക്ക് വന്നു. തുടര്‍ന്ന് 2002ലാണ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്കെത്തുന്നത്. 2014ല്‍ സംസ്ഥാന ഇന്റലിജന്സിലെത്തിയതിന് ശേഷം എസ്ഐ ആയാണ് സദാശിവന് വിരമിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നതിനാലാണ് യൂണിഫോം ധരിക്കാതിരുന്നത്. കാളികാവ് പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്ത കാലത്ത് മാത്രമാണ് യൂണിഫോം അണിഞ്ഞിരുന്നത്.
മാഞ്ചേരി ചോലനായ്ക്ക കോളനിയിലും വെണ്ണേക്കോട് കാട്ടുനായ്ക്ക കോളനിയിലും വൈദ്യുതീകരണത്തിന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവസരമൊരുക്കിയതും സദാശിവനാണ്.
നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ മുപ്പതോളം ഡ്രൈവിംഗ് ലൈസന്‍സ് എടുത്തുനല്‍കുന്നതിന് സഹായിച്ചതിന് പുറമേ നെടുങ്കയം, ഭൂമിക്കുത്ത്, മുണ്ടക്കടവ്, ഉച്ചക്കുളം കോളനികളില്‍ യുവതീയുവാക്കള്‍ക്ക് പിഎസ് സി കോച്ചിംഗ് അവസരവുമൊരുക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍ധനരായ പതിനഞ്ച് ആദിവാസി യുവതികളുടെ വിവാഹം സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടത്തിക്കൊടുക്കാനും ഈ പോലീസുകാരന് കഴിഞ്ഞു.
പാട്ടക്കരിമ്പ് കോളനിയിലെ മൂപ്പതോളം യുവതികള്‍ക്ക് ടൈലറിംഗ് പരിശീലനവും തുടര്‍ന്ന് ടൈലറിംഗ് മെഷീനും സംഘടിപ്പിച്ച് നല്കിയതും ഇദ്ദേഹത്തിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്.
നെടുങ്കയം കോളനിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതിന്റെ പിന്നിലും ഈ ഉദ്യോഗസ്ഥന്റെ കരുതല്‍ തന്നെയായിരുന്നു. ആദിവാസികളെ സ്വാധീനിക്കാനുള്ള മാവോയിസ്റ്റുകളുടെ നീക്കം തടയുന്നതില്‍ സദാശിവന് വഹിച്ച പങ്ക് ചെറുതല്ല.
ആദിവാസി കോളനികളിലെ പ്രശ്നങ്ങള്‍ നേരിട്ട് അന്വേഷിച്ച് വിവിധ വകുപ്പുകളുടെ സഹായത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ കൃത്യസമയത്ത് നടപ്പിലാക്കാനും ആദിവാസികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ച ചാരിതാര്ത്ഥ്യത്തത്തോടെയാണ് സദാശിവന് സേനയുടെ പടിയിറങ്ങുന്നത്.
അദ്ധ്യാപികയായ ഉഷയാണ് ഭാര്യ. മകള്‍ അനുശ്രീ ഡോക്ടറും, അരവിന്ദ് ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: