തൃശൂര്‍: മന്ത്രിയുടേയും കോര്പ്പറേഷന് ഭരണ നേതൃത്വത്തിന്റേയും ഒളിച്ചുകളി. അരണാട്ടുകര ചണ്ടിപ്പുലി പാടശേഖരം ഇപ്പോഴും തരിശ്. പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ത്തുരുത്ത് കോള്‍കര്‍ഷക സഹകരണസംഘം കോര്പ്പറേഷന് നല്കിയ അപേക്ഷ ചുവപ്പുനാടയില്‍.
വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലാണ് ഫയലെന്നാണ് കോര്‍പ്പറേഷന്റെ വാദം. ചണ്ടിപ്പുലി പാടശേഖരത്തില്‍ കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാറും കോര്പ്പറേഷന് ഭരണകര്‍ത്താക്കളും വീരവാദം മുഴക്കിയിട്ട് കൊല്ലം ഒന്നുകഴിഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് പാടശേഖരം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നിരുന്നു. അന്ന് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലം കൃഷിയിറക്കുന്നതിന് പാട്ടത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കോള്‍കര്‍ഷകസംഘം കോര്‍പ്പറേഷനെ സമീപിച്ചെങ്കിലും ഭരണസമിതി തള്ളിക്കളഞ്ഞു.
എല്‍ഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയശേഷം വീണ്ടും അപേക്ഷ നല്‍കിയെങ്കിലും ഒരുവര്‍ഷമായി ഫയലില്‍ തീരുമാനമെടുത്തിട്ടില്ല. കോര്‍പ്പറേഷന്‍വക 3.6 ഏക്കര്‍ സ്ഥലമാണ് ചണ്ടിപ്പുലി പാടശേഖരത്തിലുള്ളത്. ഈസ്ഥലം കൃഷിക്ക് വിട്ടുനല്‍കാതെ മറ്റേതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലേയും കോണ്‍ഗ്രസ്സിലേയും ഒരുവിഭാഗത്തിനുള്ളത്.
കൃഷിയിറക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കോള്‍കര്‍ഷകസംഘം കത്ത് നല്‍കിയിട്ട് നാളേറെയായെങ്കിലും ഇതുവരെ ഈ അപേക്ഷ കൗണ്‍സിലില്‍ എത്തിയിട്ടില്ല. വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റികള്‍ ഇത് പരിശോധിക്കുകയാണെന്നാണ് ഭരണ നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം ചണ്ടിപ്പുലി പാടശേഖരം തണ്ണീര്‍ത്തടമാണെന്നും ഇത് കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നും തങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതായി നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ഈ റിപ്പോര്‍ട്ടും ആരൊക്കെയോ ചേര്‍ന്ന് പൂഴ്ത്തി.
കൃഷിഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ട് മാസങ്ങളായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മേശപ്പുറത്ത് ഉറങ്ങുകയാണ്. മന്ത്രി ഇതുവരെ ഫയല്‍ പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: