തിരുവല്ല: അശാസ്ത്രീയ അടിപ്പാത നിര്‍മാണത്തില്‍ ഇത്തവണയും ദുരിതം അനുഭവിക്കുകയാണ് കുറ്റൂര്‍, ഇരുവള്ളിപ്ര, പ്രദേശങ്ങളിലെ നാട്ടുകാര്‍. മഴക്കാലമായതോടെ റെയില്‍വേ അടിപ്പാതകളിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമായിരിക്കുകയാണ്.ഇത്തവണത്തെ ആദ്യമഴയില്‍തന്നെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
പ്രശ്ന പരിഹാരത്തിന് മണ്ഡലത്തിന്റെ മന്ത്രി മാത്യൂ.ടി തോമസിന്റെ നേതൃത്വത്തില്‍ സംയുക്ത സമിതി രൂപീകരിച്ചിരുന്നെങ്കിലും സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ല. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതികള്‍ നല്‍കിയതായി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് പറയുന്നു.
എന്നാല്‍ ഇതുവരെയും റെയില്‍വേയും സംസ്ഥാന സര്‍ക്കാരും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് തയ്യാറായിട്ടില്ല.വെള്ളക്കെട്ട് രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് വലിയ മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് താല്‍ക്കാലിക ബുദ്ധിമുട്ട് ഒഴിവാക്കുന്നത്.
എന്നാല്‍ അടുത്ത ചെറുമഴയില്‍ തന്നെ സ്ഥിതി പഴയതുപോലെയാകും. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രോഗികളും ഉള്‍പ്പെടെ യാത്രക്കാര്‍ ആ പാതയിലെ ചെളിവെള്ളത്തില്‍ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നത്.
പാലത്തിനടിയിലൂടെ യാത്രചെയ്യുമ്പോള്‍ ഒപ്പം വലിയ വാഹനങ്ങള്‍ കടന്നുവന്നാല്‍ പിന്നെ അടിപാതയിലൂടെ യാത്രചെയ്തതിന്റെ അവശേഷിപ്പുകള്‍ വസ്ത്രങ്ങളില്‍ ബാക്കിയാകും. അതിനാല്‍ ഒരു ജോഡി യൂണിഫോം കൂടി തങ്ങള്‍ കരുതാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിരുമൂലപുരം ,കറ്റോട്, കുറ്റൂര്‍,വള്ളംകുളം റോഡുകളില്‍ മഴയായതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.പ്രദേശവാസികള്‍ മാത്രമാണ് ഇപ്പോള്‍ റോഡിനെ ആശ്രയിക്കുന്നത്.
മണിമലയാറിന്റെ ഇരുകരകളോടും ചേര്‍ന്നാണ് ഈ അടിപ്പാതകള്‍. പ്രധാന റോഡുകളായതിനാല്‍ റെയില്‍വേ ഗേറ്റ് മൂലമുള്ള ഗതാഗതതടസം നീക്കാനാണ് അടിപ്പാത നിര്‍മിച്ചത്. എന്നാല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പാതയില്‍ വെള്ളക്കെട്ടാകുമെന്ന് അന്നേ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും റെയില്‍വേ കാര്യമാക്കിയില്ല. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നദിയില്‍ ജലനിരപ്പ് ഉയരുന്നതിനുമുമ്പേ, മഴയുടെ തുടക്കത്തില്‍ തന്നെ പാതകള്‍ രണ്ടും വെള്ളക്കെട്ടിലായിരുന്നു.
കോണ്‍ക്രീറ്റ് പെട്ടിയാണ് അടിപ്പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്.വെള്ളം റോഡില്‍ താഴുകയില്ല. ഓട പണിതിട്ടുണ്ടെങ്കിലും ഫലമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയുള്ള നിര്‍മാണം മൂലമുള്ള ദുരിതമാണിപ്പോള്‍ രണ്ട് അടിപ്പാതകളിലും. പാതയ്ക്ക് ഇരുവശത്തും റോഡ് ഉയര്‍ന്ന് പോകുന്നതിനാല്‍ താത്കാലിക പ്രശ്നപരിഹാരത്തിനും സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: