2003ല്‍ അരിവാള്‍ കൊക്കുകളുടെ പ്രജനനം രേഖപെടുത്തിയതോടെ പനമരം കൊറ്റില്ലം പക്ഷിനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി. ലോകത്തില്‍ അരിവാള്‍ കൊക്കുകളുടെ എണ്ണം പതിനായിരത്തില്‍ താഴെമാത്രമാണ്. ആയിരത്തില്‍ അധികം അരിവാള്‍ കൊക്കുകളെ ഇവിടെകണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ കാലിമുണ്ടികളുടെ പ്രജനനം രേഖപെടുത്തിയത് പനമരത്ത് മാത്രം. ആയിരകണക്കിന് നീര്‍പക്ഷികളുടെ ആവാസകേന്ദ്രമായ പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണം കടലാസില്‍ മാത്രം…
വയനാട് മുന്‍ സബ് കലക്ടറായിരുന്ന എന്‍.പ്രശാന്ത് കൊറ്റില്ല സംരക്ഷണത്തിനായി പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. കൊറ്റില്ലത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും കൊറ്റില്ലത്തിന്റെ സംരക്ഷണം വനം വകുപ്പിന് കൈമാറുകയുമുണ്ടായി. വയനാട് ജില്ലാ പഞ്ചായത്ത് കൊറ്റില്ലസംരക്ഷണത്തിനായി ഇരുപത് ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ പിന്നീടൊന്നും നടന്നില്ല. പ്രജനനകാലത്ത് കൊറ്റില്ലത്തിന് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ്വേളൂരി പറഞ്ഞിരുന്നു. കൊറ്റില്ലം സംസ്ഥാനത്തെ ആദ്യ കണ്‍സര്‍വേഷന്‍ റിസര്‍വ്വായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി മുന്‍ വയനാട് ജില്ലാകളക്ടര്‍ വി.കേശവേന്ദ്രകുമാര്‍, പനമരം ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, വനംവകുപ്പ് ഭാരവാഹികള്‍, ഡിടിപിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ കൊറ്റില്ലം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതും എങ്ങുമെത്തിയില്ല.
കഴിഞ്ഞ 15 വര്‍ഷമായി ഉയര്‍ന്നുവന്ന പ്രധാന വെല്ലുവിളി മണല്‍ വാരലായിരുന്നു. അനിയന്ത്രിത മണലൂറ്റല്‍ കൊറ്റില്ലത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ജില്ലാഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ പ്രഭാതത്തില്‍ മണലൂറ്റ് നടക്കുന്നു. സ്വാഭാവിക വാസസ്ഥലങ്ങളുടെ നാശം വയനാട്ടില്‍ നീര്‍പക്ഷികള്‍ക്ക് വിനയായി. തോടുകളോടു ചേര്‍ന്നുള്ള പൊന്തകളും ചതുപ്പുകളും ഇല്ലാതാകുന്നതാണ് നീര്‍പക്ഷികള്‍ നേരിടുന്ന വെല്ലുവിളി. നെല്‍വയലിന്റെ അളവ് ഗണ്യമായി കുറഞ്ഞതും അവയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നു. ഇവിടുത്തെ പൊന്തകളിലും ചതുപ്പുകളിലുമാണ് നീര്‍പക്ഷികള്‍ കൂടൊരുക്കുന്നതും പ്രജനനം നടത്തുന്നതും.
പനമരത്തും പരിസരങ്ങളിലുമായുള്ള വിശാലമായ പാടശേഖരങ്ങളും ജലലഭ്യതയും ഇവിടം നീര്‍പക്ഷികളുടെ താവളമാക്കി. മണ്‍സൂണ്‍ കാലത്ത് പുഴവെള്ളം കയറി ഇറങ്ങുന്ന വിശാലമായ നെല്‍പ്പാടങ്ങള്‍ ചെറുമത്സ്യങ്ങളുടെയും ഞണ്ട്, ഞാഞൂല് തുടങ്ങിയ ജീവികളുടെയും അക്ഷയഖനിയാണ്. ഇതാവണം കൊക്കുകളെ പനമരത്തേക്ക് ആകര്‍ഷിക്കാനുള്ള ഘടകം.
നീര്‍പക്ഷികളില്‍ പലതും ഇന്ന് വയനാട്ടില്‍ ഇപ്പോള്‍ അപൂര്‍വ കാഴ്ചയാണ്. കുളക്കോഴി കുടുംബത്തില്‍പ്പെട്ട പക്ഷിയിനങ്ങള്‍, ചെങ്കണ്ണി തിപ്പരി, വാലന്‍ താമരക്കോഴി, നാടന്‍ താമരക്കോഴി, പട്ടക്കോഴി, ചുവന്ന നെല്ലിക്കോഴി, തിവിടന്‍ നെല്ലിക്കോഴി, നീലമാറന്‍ കുളക്കോഴി, കാളിക്കാള(പടംവിരുത്തിപ്പക്ഷി) എന്നിങ്ങനെ നീളുകയാണ് വിസ്മൃതിയിലേക്ക് നീങ്ങുന്ന കുളക്കോഴി കുടുംബത്തിലെ പക്ഷികളുടെ നിര. കുറച്ചുകാലം മുന്‍പുവരെ ജില്ലയിലെ വയലുകളിലും ഓരങ്ങളിലും നിറസാന്നിധ്യമായിരുന്നു ഇവര്‍. വയനാട്ടില്‍ പടംവിരുത്തിപ്പക്ഷിയുടെ സാന്നിധ്യം ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് തൃക്കൈപ്പറ്റയിലാണ്.
1988ല്‍ ചിന്നകൊക്ക്, ഇടകൊക്ക്, വലിയ വെള്ളരികൊക്ക്, കുളകൊക്ക്, നീര്‍കാക്ക, രാകൊക്ക് തുടങ്ങിയ ആറിനം കൊക്കുകളെയാണ് ഇവിടെ കണ്ടെത്തിയത്. ഇന്ന് കഥയാകെ മാറി. ലോകത്തിലെ തന്നെ അത്യപൂര്‍വ്വ ഇനങ്ങളിലുള്ള പതിമൂന്ന് തരം കൊക്കുകള്‍ ഇവിടെ കൂടൊരുക്കി പ്രജനനം നടത്തിവരുന്നു. മുന്‍പ് വയനാട്ടില്‍ 12 കൊറ്റില്ലങ്ങളുണ്ടായിരുന്നു. ഇന്നത് രണ്ടായി ചുരുങ്ങി. നെല്‍വയലുകളുടെ തരംമാറ്റം കൊറ്റില്ലത്തെ ഇല്ലാതാക്കി. ഇവിടുത്തെ കൊറ്റികള്‍ പനമരത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി കൂടൊരുക്കിവരുന്നു. വയലേലകളിലെ മുളംകൂട്ടങ്ങളില്‍ കൂടൊരുക്കിയിരുന്ന തൂക്കണാംകുരുവികളും പോതപൊട്ടന്‍ പക്ഷികളും ഇന്ന് വയനാട്ടില്‍ വിരളം. പൂത്ത് നശിച്ച മുളംകൂട്ടങ്ങളില്‍ രാകൊക്കും കുളകൊക്കുമാണ് ആദ്യം കൂടൊരുക്കുക. പിന്നീട് വെള്ളരികൊക്കും അരിവാള്‍കൊക്കനും കൂടുകൂട്ടും. അവസാനമൂഴം ഛായമുണ്ടിയുടേതാണ്. അതോടെ മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ഒരു പ്രജനനകാലം കടന്നുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: