ചിറയിന്‍കീഴ്: രണ്ടുദിവസമായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കടയ്‌ക്കാവൂരിലും വക്കത്തും ആനത്തലവട്ടം ഭാഗത്തും ചിലയിടങ്ങളില്‍ നാശനഷ്ടം സംഭവിച്ചു. കടയ്‌ക്കാവൂര്‍, മേല്‍കടയ്‌ക്കാവൂര്‍ പൊട്ടന്‍ചിറ വീട്ടില്‍ ശ്യാമളയുടെ വീട്ടിലെ കിണറിന്റെ അടിഭാഗം ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ രാത്രി രണ്ട് മണിയോടെയാണ് കിണര്‍ ഇടിഞ്ഞു താണത്. കിണറിന്റെ സമീപമുള്ള വീടിന്റെ ചുവരുകള്‍ക്കും പൊട്ടലുണ്ട്. മുപ്പതടിയോളം താഴ്ചയുള്ള കിണറിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ഉറ ഉള്‍പ്പെടെ പത്തടിയോളം ഇടിഞ്ഞുതാഴ്ന്നു.
മഴയെത്തുടര്‍ന്ന് വക്കം മരുതന്‍വിളാകം സ്‌കൂളിന് സമീപം ചെട്ടിത്തൊടി ഭാഗത്ത് വെളളം കയറി. ഇവിടെ വ്യാപകമായ കൃഷി നാശം സംഭവിച്ചു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിളകള്‍ വെളളം കയറി നശിച്ചു. ഇവിടെ കൃഷി ചെയ്തിരുന്ന പതിനഞ്ചോളം വാഴകള്‍ ഒടിഞ്ഞുവീണു.
ആനത്തലവട്ടം, കുക്കുടി, ഗുരുമന്ദിരം, വയലിക്കട, വാഴത്തോപ്പ് എന്നീ ഭാഗങ്ങളില്‍ മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ കാറ്റത്ത് വിള നാശം ഉണ്ടായി. വാഴകള്‍ ഒടിഞ്ഞുവീണു. കുക്കുടി പ്രദേശത്ത് മഴയെത്തുടര്‍ന്നുള്ള വെളളക്കെട്ടിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവിടുത്തുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ കാലി വളര്‍ത്തല്‍ വെളളക്കെട്ട് കാരണം ഭീഷണിയിലാണ്. കനത്ത മഴയത്ത് തൊഴുത്തിലും വെളളം കയറിയതോടെ പശുക്കള്‍ മുട്ടിനൊപ്പം വെളളത്തിലാണ് നില്‍പ്പ്. പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ മഴ മാറിയിട്ടും വെളളക്കെട്ടിലാണ്.
















