വിഴിഞ്ഞം: ജനവാസ മേഖലയില്‍ ബിവറേജ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കത്തിനെതിരെ സമരം കൂടുതല്‍ ശക്തമാകുന്നു. കോട്ടുകാല്‍ പഞ്ചായത്തില്‍ മന്നോട്ടുകോണത്താണ് ഔട്ട്‌ലെറ്റ് കേന്ദ്രത്തിന്റെ പണി പുരോഗമിക്കുന്നത്. ഇതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോഴും ഔട്ട്‌ലെറ്റ് തുറക്കാനുള്ള ശ്രമങ്ങളുമായി അധികൃതര്‍ മുന്നോട്ടു പോകുകയാണ്. അനധികൃതമായി നിലം നികത്തി കെട്ടിടം നിര്‍മിച്ചതിന് സബ് കളക്ടര്‍ നോട്ടീസ് നല്‍കിയ കെട്ടിടത്തിലാണ് ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴ വകവയ്‌ക്കാതെ നടന്ന പ്രതിഷേധ പ്രകടനത്തിലും ധര്‍ണയിലും സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തു. അഞ്ചാംഘട്ട പ്രതിഷേധ പരിപാടികളാണ് കഴിഞ്ഞദിവസം നടന്നത്. അടുത്തമാസം രണ്ടിന് സ്ഥലത്ത് ഔട്ട്‌ലെറ്റ് തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അനധികൃതമായി നിലം നികത്തിയാണ് കെട്ടിടം നിര്‍മിച്ചതെന്നു വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട ഉടമയ്‌ക്ക് സബ് കളക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ഭൂമിയില്‍ യാതൊരുവിധ പ്രവര്‍ത്തനവും പാടില്ലായെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇതിന്റെ പകര്‍പ്പ് ജനകീയ സമിതി പ്രവര്‍ത്തകര്‍ എക്‌സൈസ്, ബെവ്കോ അധികൃതര്‍ക്ക് കൈമാറിയെങ്കിലും അവര്‍ കെട്ടിട ഉടമയെ സഹായിക്കുന്ന നിലപാടിലാണ്. ജനകീയസമിതി കണ്‍വീനര്‍ എസ്.എസ്. വിനുകുമാര്‍, ജിമ്മി നെയ്യാറ്റിന്‍കര, വാര്‍ഡ് മെമ്പര്‍ ബിനു, ജയകുമാര്‍, കോട്ടുകാല്‍ വിനോദ് തുടങ്ങിയവര്‍ ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി.
















