ബത്തേരി :എടക്കല്‍ ചിത്രങ്ങള്‍ക്ക് സൈന്ധവ ചിഹ്നങ്ങളുമായുള്ള സാമ്യം യാദൃശ്ചികമാണെന്ന് പറയാനാവില്ലെന്നും ദ്രാവിഡ സ്ഥാനങ്ങളായ ദക്ഷിണേന്ത്യയിലെ എല്ലാ ചരിത്ര സംസ്കാരങ്ങളും ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെടുത്തി സമഗ്രമായി പഠിക്കാന്‍ കഴിയണമെന്നും പ്രൊഫ.എം.ആര്.രാഘവവാര്യര്.
ബത്തേരിയില്‍ മലയാള സര്‍വകലാശാല സംഘടിപ്പിച്ച എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത ദേശീയസമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കല്‍ ചിത്രങ്ങള്‍ ഹാരപ്പന്‍ ചിത്രങ്ങളുമായി ശൈലീപരമായി വ്യത്യസ്തമാണെങ്കിലും പ്രമേയപരമായി ഇവ തമ്മില്‍ സാമ്യമുണ്ട്. എടക്കല്‍ പല സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. ഇപ്പോഴുള്ള സന്നിഗ്ദതകള്‍ മാറ്റി എടക്കല്‍ പഠനത്തെ സൈന്ധാന്തികമായി സമീപിക്കാന്‍ കഴിയണം. ഒപ്പം മറ്റ് വൈജ്ഞാനിക മേഖലകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണം.
അക്കാദമിക് ചരിത്ര രചനകളില്‍ ഇനിയും എടക്കലിന് സ്ഥാനം ലഭിച്ചിട്ടില്ല. ചരിത്ര രചനയില്‍ അവലംബിക്കപ്പെടുന്ന രാഷ്ട്രീയമാണ് ഇതിന് കാരണമെന്ന് പ്രബന്ധം അവതരിപ്പിച്ച പ്രൊഫ.കെ.എം.ഭരതന് പറഞ്ഞു. നിലവിലുള്ള കാലഗണന തെറ്റാണ്. ശാസ്ത്രീയ പഠനത്തിലൂടെ പുതിയ കാലം കണ്ടെത്തണം എന്ന് പ്രബന്ധം അവതരിപ്പിച്ച ശ്രീലതാ ദാമോഭരന് പറഞ്ഞു.
വയനാട്ടിലെ മുഴുവന്‍ ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് പ്രാദേശിക വിജ്ഞാനവും എടയ്ക്കല്‍ സംരക്ഷയും എന്ന സെക്ഷന്‍ അഭിപ്രായപ്പെട്ടു.
എടക്കല്‍ മല ഉള്‍പ്പെടുന്ന അമ്പുകുത്തിമല ഇപ്പോഴുംനിരന്തരം കയ്യേറ്റത്തിന് വിധേയമാകുന്നു. ഈ മലനിരകളെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണം. ക്വാറികളുടെ പ്രവര്‍ത്തനം ചെറുക്കണം. ആര്ക്കിയൊളക്കിക്കല് സര്‍വ്വെ ഓഫ് ഇന്ത്യ ഏറ്റെടുക്കണം. എടയ്ക്കല്‍ ഗുഹ സംരക്ഷിക്കുന്നതോടൊപ്പം ഗോത്ര വര്‍ഗ്ഗക്കാരുടെ മുഴുവന്‍ അറിവുകളും സംരക്ഷിച്ച് സൂക്ഷിക്കണം. സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ എടക്കല്‍ ഉള്‍ക്കൊള്ളിക്കണം. ഗുഹ സംരക്ഷിക്കുന്നതിന് അമ്പുകുത്തിമലയിലെ എത്ര സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് ശാസ്ത്രീയമായി കണ്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: