പത്തനംതിട്ട: മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും റോഡുകളിലെ വെള്ളക്കെട്ട് മാറാത്തത് ഗതാഗതം ദുരിത മാക്കുന്നു. സംസ്ഥാന പാതകളിലടക്കം പലയിടത്തും രണ്ടു ദിവസമായി മഴ വെള്ളം ഒഴിഞ്ഞു പോകാത്തത് റോഡിന്റെ തകര്‍ച്ചക്കും കാരണമാകുന്നു. ഓടകള്‍ ഉണ്ടെങ്കിലും അതിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാത്തതാണ് മിക്കയിടത്തും വെള്ളം ഒഴിഞ്ഞു പോകാത്തതിന് കാരണം.
ചെറുറോഡുകളിലെ സ്ഥിതി ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പല ഭാഗങ്ങളിലും റോഡ് ഇരുവശങ്ങളേക്കാളും താണു കിടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ല.
ഈ വര്‍ഷം മഴക്കാലത്തിനു മുന്നോടിയായി ഓടകള്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ആധുനിക രീതിയില്‍ ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ച റോഡുകള്‍ പോലും വെള്ളം കെട്ടിനിന്ന് തകര്‍ച്ചാ ഭീഷണിയിലാണ്. ദിവസങ്ങളോളം വെള്ളം കെട്ടി നില്‍ക്കുന്നത് ടാറിങും കോണ്‍ക്രീറ്റും ഇളകിമാറാന് കാരണമാകും.
ശക്തമായ മഴയെ തുടര്‍ന്ന് തിട്ടയിടിയുന്നതും റോഡുകള്‍ക്ക് ഭീഷണിയാകുന്നു. സംരക്ഷണഭിത്തി നിര്‍മ്മിക്കാത്ത ഭാഗങ്ങളിലാണ് റോഡുകളില്‍ ഗതാഗത ഭീഷണി നേരിടുന്നത്. റോഡിലേക്ക് കല്ലും മണ്ണും ഒഴുകി എത്തുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: