പന്തളം: പന്തളം ഐസിഡിഎസ് ഓഫീസിലെ ഫയലുകള്‍ നശിക്കുന്നു.തകര്‍ന്ന മേല്ക്കൂരയിലൂടെവീഴുന്ന മഴവെള്ളത്തില്‍ കുതിര്‍ന്നാണ് ഐസിഡിഎസ് ഓഫീസിലെ ഫയലുകള്‍ നശിക്കുന്നത്.
110 അംഗനവാടികളുടെ വിലപ്പെട്ട ഫയലുകളാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. പത്തു വര്‍ഷം മുമ്പ്, പഴയ പന്തളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു മുകളില്‍ ഡ്രസ്സിംഗ് ചെയ്ത് അടച്ചുകെട്ടിയ മുറിയിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പണി കഴിഞ്ഞതിനു ശേഷം ഇവിടെ അറ്റകുറ്റപ്പണികളൊന്നും തന്നെ ചെയ്തിട്ടുമില്ല. 11 ജീവനക്കാരാണ് ഇവിടെയുള്ളത്.
പന്തളം, പത്തനംതിട്ട നഗരസഭകളിലും പന്തളം തെക്കേക്കര, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 110 അംഗനവാടികള്‍ ഈ ഓഫീസിന്റെ അധീനതയിലാണ്. ഇവിടുത്തെ ജീവനക്കാരെയും 110 അംഗനവാടി വര്‍ക്കര്‍മാരെയും അത്രതന്നെ ഹെല്‍പ്പര്‍മാരെയും അംഗനവാടികളെയും സംബന്ധിക്കുന്ന എല്ലാ രേഖകളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു അലമാരി മാത്രമാണ് ഇവിടെയുള്ളത്. അതിനാല്‍ അലമാരിയില്‍ വെയ്ക്കാന്‍ പറ്റാത്ത ഫയലുകള്‍ ഓഫീസിലുള്ള മേശകളുടെ മുകളിലാണ് സൂക്ഷിക്കുന്നത്. ഇവയെല്ലാമാണ് മഴയില്‍ കുതിര്‍ന്നു നശിച്ചുകൊണ്ടിരിക്കുന്നത്.
മഴ തുടങ്ങിയാല്‍ ഓഫീസില്‍ നിറഞ്ഞു കിടക്കുന്ന വെള്ളം കോരിക്കളയുന്നതാണ് ജീവനക്കാരുടെ ആദ്യ ജോലി. പ്രവൃത്തി സമയത്ത് മഴ പെയ്താല്‍ നനയാതെ മാറിയിരിക്കേണ്ടി വരുന്നതും ഉദ്യോഗസ്ഥരുടെ ജോലിയ്ക്കു തടസമാണ്. പൂച്ചകളും ഇവിടെ ഫയലുകള്‍ക്കു ഭീഷണിയാണ്.
ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ പോകുന്നതോടെ അടച്ചുറപ്പില്ലാത്ത ജനലുകളിലൂടെ അകത്തെത്തുന്ന പൂച്ചകളുടെ ഭരണമാണ് പിന്നീട്. പൂച്ചകള്‍ ഫയലുകള്‍ മാന്തിക്കീറി നശിപ്പിക്കുന്നതും പതിവാണ്. മരപ്പട്ടിയുടെ ശല്യവും ഉദ്യോഗസ്ഥരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
2014 മുതല്‍ തന്നെ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവരോട് ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ പന്തളം ബ്ലോക്ക് ആസ്ഥാനം കുളനടയ്ക്കു മാറുകയും പന്തളം നഗരസഭ ആകുകയും ചെയ്തതോടെ ഈ കെട്ടിടം റൂറല്‍ ഡവലപ്മെന്റ് വിഭാഗത്തിന്റെ അധീനതയിലായി.
ഇതോടെ ബ്ലോക്ക് പഞ്ചായത്തിന് ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ അധികാരം ഇല്ലാതാകുകയും ചെയ്തു. അതേസമയം റൂറല്‍ ഡവലപ്മെന്റ് വിഭാഗം അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകുന്നുമില്ല. ഇതാണ് ഈ ഓഫീസിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: