തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന തിരുച്ചിറപ്പള്ളി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ അനുവദിച്ചിട്ടുള്ള ഏക സ്റ്റോപ്പ് തിരുവനന്തപുരം മാത്രമാണ്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 11.55ന് പുറപ്പെടുന്ന ട്രെയിന്‍ തിരുനെല്‍വേലി, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് പോകാന്‍ കഴിയുന്ന പകല്‍ വണ്ടിയെന്ന നിലയില്‍ യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനകരമാണ്. നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍വേ അധികൃതര്‍ക്കും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി.
















