കല്‍പ്പറ്റ: ഫാര്‍മസിസ്റ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഗികള്‍ മരുന്ന് ലഭിക്കാതെ ദുരിതത്തിലായി. ഒടുവില്‍ നഴ്സുമാര്‍ തന്നെ മരുന്ന് നല്കാന് രംഗത്തെത്തുകയായിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെന്നലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ഇന്നലെ രാവിലെ എട്ട് മണി മുതല്‍ നിരവധി രോഗികളാണ് ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയത്. ഒമ്പത് മണിയോടെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചുതുടങ്ങിയെങ്കിലും ഫാര്‍മസിസ്റ്റ് എത്താത്തതിനാല്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ ദുരിതത്തിലായി. മുപ്പതിലധികം രോഗികളെ പരിശോധിച്ച ശേഷവും ഫാര്‍മസിസ്റ്റ് എത്താത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ മുതിര്‍ന്ന രണ്ട് നഴ്സുമാര്‍ ഫാര്‍മസിയിലെത്തി മരുന്ന് വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ ഏതൊക്കെ മരുന്ന് എവിടെയൊക്കെയാണ് വെച്ചതെന്നറിയാതെ മരുന്ന് വിതരണം ചെയ്യാനെത്തിയ നഴ്സുമാരും ആശയക്കുഴപ്പത്തിലായി. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുണ്ടായിട്ടും നഴ്സുമാരുടെ അജ്ഞത മൂലം പലര്‍ക്കും ഉള്ള മരുന്ന് പോലും ലഭിച്ചില്ല. തുടര്‍ന്ന് പല രോഗികളും ചെന്നലോട് അങ്ങാടിയിലെ സ്വകാര്യഫാര്മസിയെ ആശ്രയിക്കുകയായിരുന്നു. വയോജനങ്ങളടക്കം നൂറ് കണക്കിന് രോഗികളാണ് ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലെത്തിയത്. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പോലും നേരത്തെയെത്തി രോഗികളെ പരിശോധിക്കുമ്പോഴാണ് ഫാര്‍മസിസ്റ്റ് എത്താതിരുന്നത്. ആശുപത്രി അധികൃതര്‍ ലീവ് പറയാതിരുന്ന ഫാര്‍മസിസ്റ്റിന്റെ ഫോണിലേക്ക് നിരന്തരമായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. മരുന്ന് ലഭിക്കാതെ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന രോഗികളില്‍ പലരും ബഹളം വെച്ചതോടെ ആശുപത്രി അധികൃതര്‍ ആശയക്കുഴപ്പത്തിലായി. നിലവില്‍ രണ്ട് ഫാര്‍മസിസ്റ്റുകളാണ് ചെന്നലോട് ഹെല്‍ത്ത് സെന്ററിലുള്ളത്. ഇതില്‍ ഒരാള്‍ ഇന്നലെ ലീവായിരുന്നുവെന്നാണ് വിവരം. മറ്റേയാള്‍ ഏറെ വൈകി വന്നതാണ് പ്രശ്നത്തിനിടയാക്കിയത്. പകര്‍ച്ചവ്യാധിയും, പ്രതിരോധപ്രവര്‍ത്തനങ്ങളും ജില്ലാതലത്തില്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ ഇത്തരത്തില്‍ അനാസ്ഥ കാണിച്ചിരിക്കുന്നത്. ഫാര്‍മസിസ്റ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: