പുതുക്കാട് : കുറുമാലി റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂക്ഷം. കാലവര്‍ഷത്തിന് മുന്‍പ് അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുമെന്ന റെയില്‍വേ അധികൃതരുടെ വാക്ക് പാഴ്വാക്കായി.
അടിപ്പാത നിര്‍മ്മിച്ച് രണ്ടു വര്‍ഷമായിട്ടും വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ റെയില്‍വേ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു മഴ പെയ്താല്‍ മുട്ടോളം വെള്ളമാണ് അടിപ്പാതയില്‍ കെട്ടിക്കിടക്കുന്നത്. ദേശീയപാതയില്‍ നിന്ന് റെയില്‍വേ ഗേയ്റ്റ് കടക്കാതെ എളുപ്പമാര്‍ഗ്ഗം ഇരിങ്ങാലക്കുടയിലേക്ക് പോകാനുള്ള ഏക അടിപ്പാതയാണ് വെള്ളക്കെട്ട് മൂലം സഞ്ചാരയോഗ്യമല്ലാതായത്.
പുതുക്കാടും നന്തിക്കരയിലും റെയില്‍വേ ഗേറ്റുകള്‍ അടച്ചിടുമ്പോള്‍ കുറുമാലി അടിപ്പാതയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. നിരവധി വാഹനങ്ങള്‍ ഇതിലൂടെ ദിനംപ്രതി കടന്നു പോകുന്നു.
മുകളില്‍ഷീറ്റ് മേഞ്ഞ് അടിപ്പാതയില്‍ വെള്ളം വീഴാതിരിക്കാനുള്ള ശ്രമം വിജയിച്ചുവെങ്കിലും റോഡില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. വെള്ളക്കെട്ട് തീര്‍ക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ അടിപ്പാതയുടെ സമീപത്തായി ടാങ്ക് നിര്‍മ്മിച്ച് വെള്ളം പമ്പ് ചെയ്ത് കളയാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി ഒരു ടാങ്ക് നിര്‍മ്മിച്ചുവെങ്കിലും മോട്ടോര്‍പമ്പ് സ്ഥാപിക്കുന്നതിനുള്ള നടപടിയൊന്നും ഇതുവരെ നടന്നിട്ടില്ല.
കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ് പോയ അധികൃതര്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട പരാതികള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് കുറുമാലിയില്‍ അടിപ്പാത നിര്‍മ്മിച്ചത്.
എന്നാല്‍ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കി കിട്ടാനുള്ള നടപടിക്ക് വേണ്ടി പരാതിയുമായി ഇപ്പോള്‍ റെയില്‍വേ അധികൃതരുടെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: