കുന്നംകുളം: കനത്ത മഴയോട് കൂടിയ മിന്നല്‍ ചുഴലിക്കാറ്റില്‍ ആനായ്ക്കല്‍ ആര്‍ത്താറ്റ് മേഖലയില്‍ വന്‍ നാശനഷ്ട്ടം. ഞായര്‍ രാവിലെ 11.50 നോട് കൂടി ഉണ്ടായ ചുഴലിക്കാറ്റില്‍ ചരിത്ര പ്രധാന്യമുള്ള ആര്‍ത്താറ്റ് പള്ളിയടക്കം മൂന്ന് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ പള്ളിയിലെ ഓടുകള്‍ നിലം പതിച്ചു.
12 ന് പള്ളിയില്‍ നടക്കേണ്ട യോഗത്തിനു കാത്തിരുന്ന വിശ്വാസികള്‍ക്ക് ഓട് തെറിച്ചു വീണു പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളി മണി 200 മീറ്റര്‍ അകലെയുള്ള പാടത്തു നിന്നാണ് കണ്ടെത്തിയത.്
മരങ്ങള്‍ കടപുഴകി വീണ് ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്നു. സെമിത്തേരിയിലെ മരങ്ങള്‍ മുഴുവനായും വീണു. ധ്യാനമന്ദിരത്തിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നു. പള്ളിയങ്കണത്തില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
സെന്റ് മേരീസ് പള്ളിയുടെ തൊട്ടടുത്തുള്ള ഹോളിഫാമിലി പള്ളിയുടെ മേല്‍ക്കൂരയും ചുമരും തകര്‍ന്നുവീണു. സമീപത്തുള്ള ആര്‍ത്താറ്റ് സെന്റ് തോമസ് പള്ളിയുടെ മേല്‍ക്കൂരയിലെ ഓടും കാറ്റില്‍ നിലംപതിച്ചു. പള്ളിക്കുള്ളിലെ സീലിംഗ് തകര്‍ന്നു വീണിട്ടുണ്ട്.
ആനായ്ക്കല്‍ ചെമ്മണ്ണൂര്‍ ഭാഗങ്ങളിലുള്ള 15 ഓളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ഓടിട്ട വീടുകളുടെ ഓടുകള്‍ മുഴുവന്‍ പറന്നുപോയി. വാട്ടര്‍ ടാങ്കുകള്‍ പലതും പറന്നു പോയി. മിക്ക പറമ്പുകളിലും വന്‍ മരങ്ങള്‍ കടപുഴകി വീണു.
നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 17 ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു.
സെന്റ് തോമസ് സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ആല് ഉള്‍പ്പെടെയുള്ള വന്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: