പത്തനംതിട്ട: നാട്ടില്‍ ടാര്‍ മിക്സിംഗ് പ്ലാന്റുകള്‍ക്കെതിരെ നടത്തുന്ന സമരങ്ങള്‍ റോഡ് നിര്‍മാണത്തെ തടസപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്. കേന്ദ്ര സര്‍ക്കാരിന്റ ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മല്ലപ്പള്ളി-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് നിര്‍മാണത്തിന് താല്‍ക്കാലികമായി ടാര്‍ മിക്സിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടിവരും. കുറഞ്ഞ കാലത്തേക്ക് സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്കെതിരെ നടത്തുന്ന സമരങ്ങള്‍ റോഡ് നിര്‍മാണത്തെ തടസ്സപ്പെടുത്തും.
ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത കരിയും പുകയുമില്ലാത്ത അത്യാധുനികമായ റോഡ് നിര്‍മാണ യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന് 16 കിലോമീറ്ററോളം റോഡ് നിര്‍മിച്ചു കഴിഞ്ഞു.
റബ്ബറും പ്ലാസ്റ്റിക് വേസ്റ്റും ഉപയോഗിച്ച് കൂടുതല്‍ റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളുണ്ടാകും. സംസ്ഥാനത്ത് ദേശീയപാത ഉള്‍പ്പടെയുള്ളവയുടെ വികസനത്തിന് ബഹുനില റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.
റോഡുകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യം നേരിടുന്നതിന് നിലവിലുള്ള ഏകമാര്‍ഗം ഒന്നിലധികം നിലകളിലായി റോഡുകള്‍ പണിയുകയാണ്.
ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജുഏബ്രഹാം എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: