പന്തളം: തുമ്പമണ്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ കോയിക്കോണത്ത്പടി-ചക്കിട്ടടത്തുപടി റോഡ് തകര്‍ന്നു വെള്ളക്കെട്ടായത് ജനങ്ങളെ വലയ്ക്കുകയാണ്. കാല്‍നട യാത്ര പോലും അസാദ്ധ്യമായ തരത്തിലാണ് ഇപ്പോള്‍ ഈ റോഡിന്റെ അവസ്ഥ.
വെള്ളമൊഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതിനാല്‍ കനത്ത വെളളക്കെട്ടാണ് റോഡിലുടനീളം രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ, വെളളം കെട്ടി നിന്ന് ദുഷിച്ച് ദുര്‍ഗന്ധം വമിക്കുന്നതോടൊപ്പം കൊതുകുകള്‍ പെരുകിയിരിക്കുന്നത് പ്രദേശത്ത് മാരകമായ പകര്‍ച്ചവ്യാധികളുടെ ഭീഷണിയും പ്രദേശത്ത് നിലനില്ക്കുന്നു.
രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രോഡിന്റെ കോയിക്കോണത്തു പടി മുതലുള്ള മുക്കാല്‍ കിലോമീറ്ററോളമാണ് ഈ വിധത്തില്‍ തകര്‍ന്ന് ഒരു പ്രദേശത്തെ ജനങ്ങളെയാകെ വലച്ചിരിക്കുന്നത്. പഞ്ചായത്തില്‍ മറ്റിടങ്ങളില്‍ പലവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ഈ റോഡിനെ അധികൃതര്‍ മറന്നതുപോലെയാണ്. മൂന്നു വര്‍ഷം മുമ്പുതന്നെ വികസന രേകഖയില് ഈ റോഡ് ഉള്‍പ്പെടുത്തിയെന്നാണ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെയായി പദ്ധതിയിലുള്പ്പെടുത്താത്തതാണ് ഈ റോഡിനെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം.
പദ്ധതി നിര്‍വ്വഹണത്തിന് അവാര്‍ഡു ലഭിച്ചതും ഐഎസ്ഒ നിലവാരവുമുള്ളതാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും ഇതുവഴി യാത്രചെയ്ത് തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഇതിന് അടിയന്തിരമായി പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചു കാത്തിരിക്കുകയാണ്. പരിഹാരമുണ്ടായില്ലെങ്കില്‍ പഞ്ചായത്തിന് മുമ്പില്‍ കുത്തിയിരുപ്പ് സമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: