പത്തനംതിട്ട: ജില്ലയില്‍ പനി ശമനമില്ലാതെ തുടരുമ്പോഴും പ്രവര്‍ത്തനം കാര്യക്ഷമമാക്കാതെ അരോഗ്യവകുപ്പ് അധികൃതര്‍. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാന പ്രശ്നം.
ഇതോടെ സാധാരണ ജനങ്ങളും സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ചികിത്സ തേടിയെത്തിയവരുടെ കണക്ക് ഇന്നലെ വരെ 40,000 കടന്നു. ഡെങ്കിപ്പനിക്കാരുടെ എണ്ണം 267ആയി. ഇന്നലെ മാത്രം വിവിധ ആശുപത്രകളിലായി നാല് പേര്‍ക്ക് ഡെങ്കിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ക്ക് ഡെങ്കിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
കോട്ടാങ്ങലില്‍ ഇന്നലെ ഒരാള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം എച്ച്1 എന്‍1ബാധിച്ചവരുടെ എണ്ണം 47 ആയി. നാല് പേര് എച്ച്1 എന്‍1ബാധിച്ച് മരിച്ചിട്ടുണ്ട്. മൂന്ന് പേര് എലിപ്പനി പിടിപെട്ടും മരിച്ചു.
ജില്ലയില്‍ ഇന്നലെ 811പേരാണ് പനിക്ക് ചികിത്സ തേടിയത്.
ഇന്നലെ പനി മരണം ഒന്നും റിപ്പാര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ മരിച്ചത് പനി മൂലമാണെന്ന് പറയുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പനിയാണോയെന്ന് വ്യക്തമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരണമടഞ്ഞയാള്‍ക്ക് കരള്‍ രോഗമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ജില്ലയില്‍ ഈ വര്‍ഷം നാല് പേരാണ് പനി മൂലം മരിച്ചത്. ഗ്രാമങ്ങളില്‍ പനി പ്രതിരോധപ്രവര്‍ത്തനം വേണ്ടത്ര ഊര്‍ജിതമല്ലെന്ന ആക്ഷേപം നിലനില്ക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പരിശോധന നടത്തുകയും മാലിന്യവും മലിനജലം കെട്ടിക്കിടക്കുന്നത് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഇത് സജീവമല്ല. മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: