അടൂര്‍: നഗരസഭാ കാര്യാലയം സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടുന്നു. അടൂര്‍ പഞ്ചായത്തായിരുന്നപ്പോള്‍ പണിത കെട്ടിടമാണ് ഇപ്പോഴും നഗരസഭ കാര്യാലയമായി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തായിരുന്നപ്പോഴുണ്ടായിരുന്ന ജീവനക്കാരുടെ ഇരട്ടിയിലധികം ജീവനക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്.
ഇവര്‍ക്ക് ഇരുന്ന് ജോലി ചെയ്യാനാവാത്ത അവസ്ഥയാണ്. നിത്യേന നൂറുകണക്കിന് പേര് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഇവിടെ ആവശ്യത്തിന് സൗകര്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഇവിടുത്തെ താഴത്തെ നിലയില്‍ ജനറല്‍ സെക്ഷന്‍ ഹെല്‍ത്ത്, റവന്യൂ വിഭാഗം, ജനനമരണ രജിസ്ട്രേഷനുകള്‍, ഫ്രണ്ട് ഓഫീസ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
ജനറല്‍ വിഭാഗത്തില്‍ സൂപ്രണ്ടും നിരവധി ക്ലര്‍ക്കുമാരും തിങ്ങിയിരിക്കുകയാണ്. രണ്ടാം നിലയിലാണ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, സെക്രട്ടറി, സൂപ്രണ്ട് എന്നിവരുടെ മുറികളും എഞ്ചിനീയറിംഗ് വിഭാഗം, അക്കൗണ്ട് വിഭാഗം, കൗണ്‍സില്‍ ഹാളുമുണ്ട്. മറ്റൊരു മുറിയിലാണ് ടൗണ്‍ പ്ലാനിംഗ് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട്സ് വിഭാഗത്തില്‍ അലമാരകള്‍ വയ്ക്കാനിടമില്ല.
ഈ കുടുസ്സുമുറിയില്‍ ഫയലുകള്‍ സൂക്ഷിക്കാനിടമില്ലാത്തത് കാരണം ജീവനക്കാരുടെ മേശയുടെ മുകളില്‍ ഫയലുകള്‍ അടുക്കി വച്ചിരിക്കുകയാണ്. ആവശ്യത്തിന് അലമാരകളും ഇല്ല. അലമാര വയ്ക്കുവാനുള്ള സ്ഥലവുമില്ല. വൈദ്യുതി പോയാല്‍ പിന്നെ മുറികളില്‍ കുറ്റിരുട്ടാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന ജനങ്ങള്‍ക്ക് നില്‍ക്കാനും ഇരിക്കാനും വേണ്ടത്ര ഇടമില്ല.
നഗരസഭയിലെ വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് കാര്യാലയത്തില്‍ ഇടമില്ല കണ്ടിജന്റ് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഇടമില്ല ഇപ്പോള്‍ രണ്ടാം നിലയുടെ മുകളില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് വേണ്ടിയുള്ള മുറികളുടെ പണികള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ.
ടൗണ്‍ഹാള്‍ നിന്ന സ്ഥലത്ത് പുതിയ നരസഭ കാര്യാലയവും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നഗരസഭ കാര്യാലയം പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കവാടത്തില്‍ നിര്‍മ്മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നഗരസഭ ഓഫീസ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ അറുപത് ലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിഎം സ്ഥലപരിശോധനയും നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: