ഒരുകാലത്ത് പുനലൂര്‍ അറിയപ്പെട്ടിരുന്നത് പുനലൂര്‍ തൂക്കുപാലത്തിന്റെ പേരിലാണ്. അത്ര പ്രശസ്തമായിരുന്നു ആ പാലം. എന്നാലും ആ ഗതകാല സ്മരണകളെ ഇന്നും മനസ്സില്‍ നിലനിര്‍ത്തുന്ന പഴയതലമുറയുണ്ട്. അതില്‍പ്പെടുന്നയാളാണ് 97 കാരി ശോശക്കുട്ടി. എട്ടരപതിറ്റാണ്ടിന് ശേഷം പുനലൂര്‍ തൂക്കുപാലത്തില്‍ എത്തിനില്ക്കുമ്പോള് ശോശക്കുട്ടി ഓര്‍ത്തത് നഗരത്തിന്റെ മാറ്റവും തൂക്കുപാലത്തിന്റെ പ്രൗഡിയും.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിരുശേഷിപ്പായ പുനലൂര്‍ തൂക്കുപാലം തന്റെ 12-ാമത്തെ വയസില്‍ കണ്ടതിന്റെ ഓര്‍മകളാണ് റാന്നി സ്വദേശിനിയായ ശോശക്കുട്ടിക്ക് പങ്കുവയ്ക്കാനുള്ളത്. 1932 ല്‍ അവസാനമായി കണ്ട പുനലൂര്‍ തൂക്കുപാലം സന്ദര്‍ശിക്കാന്‍ ആഗ്രഹം കലശലായി ഉണ്ടായിരുന്നെങ്കിലും അത് സഫലമായത് ജീവിതസായാഹ്നത്തിലാണ്.
മക്കളോടും ബന്ധുക്കളോടും തന്റെ ആഗ്രഹം അറിയിക്കാറുണ്ടെങ്കിലും അടുത്ത കാലത്താണ് ഇത് സാധിച്ചത്. ഒരു വിരുന്ന് സല്‍ക്കാരത്തിനായി എത്തിയപ്പോള്‍ പുനലൂര്‍ സ്വദേശി തോമസ് കുരുവിളയാണ് വല്യമ്മച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുത്തത്. തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂര്‍ പുളിച്ചാംമൂട്ടില് കുടുംബാംഗമാണ് ശോശക്കുട്ടിതോമസ് എന്ന ഈ മുത്തശി. ഇപ്പോള്‍ താമസം റാന്നിയിലാണ്.
85 വര്‍ഷം മുമ്പ് കണ്ട പുനലൂരല്ല ഇന്നത്തെത്. നാമമാത്രമായിരുന്നു അന്ന് കെട്ടിടങ്ങളെങ്കില്‍ ഇന്നാകട്ടെ ബഹുനില മന്ദിരങ്ങളും മാളികകളും ഉയര്ന്നുനില്ക്കുന്നു. നഗരത്തിന്റെ ചാരുത തന്നെ പുനലൂര്‍ തൂക്കുപാലമായിരുന്നു. ഇന്നത് കാഴ്ചവസ്തുവായി മാറിയതിന്റെ പരിഭവവും ശോശാമ്മ പങ്കുവച്ചു. ഒരു കാലത്ത് ജനതയുടെ ജീവസ്പന്ദനമായിരുന്നു തൂക്കുപാലം.
കിഴക്കന്മലയോരപ്രദേശങ്ങളില് നിന്നും മറ്റും നഗരത്തില്‍ എത്തണമെങ്കില്‍ തൂക്കുപാലമായിരുന്നു ആശ്രയം. അന്ന് സമാന്തരപാലമില്ല- ശോശാമ്മ ഓര്‍ക്കുന്നു.
പാലത്തില്‍ കയറാനും വിലയിരുത്താനും ശോശാമ്മ ആരുടെയും സഹായം തേടിയില്ല. ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും പരസഹായം കൂടാതെയായിരുന്നു പാലത്തിലൂടെയുള്ള സഞ്ചാരം. പ്രായത്തിന്റെ അവശതയെല്ലാം മറന്ന് നഗരത്തിന്റെ അഭിമാനസ്തംഭമായ തൂക്കുപാലത്തെ നെഞ്ചേറ്റുവാങ്ങുകയായിരുന്നു ശോശക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: