കഴിഞ്ഞ ദിവസം ഒരു പരിചയക്കാരന് സൈക്കിള്‍ ചവിട്ടി മുന്നില്‍ വന്ന് കയറാന്‍ പറഞ്ഞു. കുറെക്കാലത്തിനു ശേഷം സൈക്കിളിന്റെ പിന്നില്‍ കയറുകയാണ്. തിരക്കൊഴിഞ്ഞ ഒരിടത്തു നിര്‍ത്തി, പിന്നെസംസാരമായി. സത്യത്തില്‍ റ്റൂ വീലര്‍ എന്നു പറഞ്ഞാല്‍ സൈക്കിളല്ലേ, അയാള്‍ ചോദിച്ചു. സംഗതി ശരിയാണ്. ഇന്നത്തെ റ്റൂ വീലറിന്റെ ആദ്യ പതിപ്പ് സൈക്കില്‍ തന്നെ. അയാളുടേത് പഴയൊരു റാലി സൈക്കിളാണ്. ഇന്നത് കിട്ടാന്‍ വഴിയില്ല. അയാളുടെ അച്ഛന്റെ വണ്ടിയാണ്. പത്തന്പതു വര്‍ഷത്തെ പഴക്കം കാണും. ഇപ്പോഴും കുഴപ്പമൊന്നുമില്ല. തുടച്ചു എണ്ണയിട്ടുകൊണ്ടു നടക്കുകയാണ്.
അയാള്‍ പോയിട്ടും കുറെ നേരത്തേക്കു സൈക്കിള്‍ വിചാരമായിരുന്നു. സൈക്കിള്‍ പോലെ മനുഷ്യനെ സ്വാധീനിച്ച മറ്റൊരു പൊതുവണ്ടിയില്ല. അതു സാധാരണക്കാരന്റെ വാഹനം എന്നപേരില്‍ അന്നും ഇന്നും സര്‍വവ്യാപിയാണ്. ഇടക്കാലത്ത് സൈക്കിളിന് ഒരു ചൊട്ടലുണ്ടായി. ബൈക്കും സ്ക്കൂട്ടറുമൊക്കെ സൈക്കിളിന്റെ സ്ഥാനം ഏറ്റെടുത്തു. കൂടുതല്‍ ദൂരത്തിലും വേഗത്തിലും പോകാനും സൗകര്യമായി. ബൈക്ക് ഒരു വലിമയും സൈക്കിള്‍ കുറവുമൊക്കയായി തോന്നിയതും ഈ ബൈക്കു കമ്പത്തിനു പിന്നിലുണ്ടാകാം.
എന്നാല്‍ അടുത്തകാലത്തു പലതുകൊണ്ടും സൈക്കിള്‍പ്രേമം ശക്തമായിട്ടുണ്ട്. ഒരു ചുറ്റുവട്ടത്തില്‍ പോയിവരാനും എണ്ണക്കാശില്ലാതെയും ശരീരവ്യായാമത്തിനുമൊക്കയായി പ്രായഭേദമന്യേ പലരും ഇന്നു സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. ജീവിത ശൈലീരോഗത്തിന്റെ പേരില്‍ ശരീരമനക്കിയുള്ള ചില വ്യായാമത്തിനു ഡോക്ടര്‍മാര്‍ സൈക്കിള്‍ സവാരി നിര്‍ദേശിക്കുന്നുമുണ്ട്. സൈക്കിള്‍ ചവിട്ടിയാല്‍ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും തന്നെ ഇളകും.
എത്ര തിരക്കുണ്ടായാലും വളച്ചും തിരിച്ചും വെട്ടിച്ചുമൊക്കെ സൈക്കിള്‍ യാത്രക്കാരനു വഴിത്തടസത്തില് നിന്നും രക്ഷപെടാം. മറ്റു വാഹനങ്ങള്ക്കുള്ളപോലെ റിപ്പയറിങ്ങിനും മറ്റുമായി പാഴ്ചെലവുകളുമില്ല. എവിടേയും കൊണ്ടുപോകാം ഒതുങ്ങിയിരുന്നുകൊള്ളും എന്നിങ്ങനെ ബാധ്യതയില്ലാത്ത സൗകര്യങ്ങളുമുണ്ട്.
ഇന്ന് സൈക്കിള്‍ ഒരു ശീലമാക്കൂ എന്ന് ആരും പ്രഖ്യാപിക്കാതെ തന്നെ സ്ക്കൂള് കുട്ടികളില്‍ ആണ്-പെണ് വ്യത്യാസങ്ങളില്ലാതെ സൈക്കിള്‍ സ്വാഭാവികമായൊരു വാഹനമായിട്ടുണ്ട്. എവിടേയും ഇന്നു സ്ക്കൂള് വിട്ടുകഴിഞ്ഞാല്‍ സൈക്കിളിന്റെ ഒരുഘോഷയാത്ര തന്നെ കാണാന്‍ കഴിയും. ചില സംസ്ഥാനങ്ങളില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും സര്‍ക്കാര്‍ തന്നെയും ചില മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്യുന്നുമുണ്ട്.
സൈക്കിള്‍ ചരിത്രം രസകരമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാതിയില്‍ തന്നെ ലോകത്തെമ്പാടും സൈക്കിള്‍ നിര്‍മാണം ശക്തമായിരുന്നു. അമേരിക്കയില്‍ എല്ലാവരുടേയും വാഹനമെന്ന നിലയില്‍ പിന്നീട് സൈക്കിളിന് വലിയ പ്രചാരമായിരുന്നു. പുരുഷന്മാരോടൊപ്പം സ്ത്രീകളും വന്‍തോതില്‍ സൈക്കിള്‍ സവാരി നടത്തിയിരുന്നു. അതു പിന്നെ സ്ത്രീ സൈക്കിളിനു തന്നെ രൂപം നല്കി.
സൈക്കിള്‍ ക്ളബുകള്‍ അമേരിക്കയിലും യൂറോപ്പിലും അങ്ങോളമിങ്ങോളം അന്നുണ്ടായിരുന്നു. ബ്രിട്ടണ്.നെതര്‍ലന്റ്, ഡച്ചു കമ്പനികള്‍ സൈക്കിള്‍ നിര്‍മാണ രംഗത്തെ മുടിചൂടാ മന്നന്മാരായിരുന്നു. ബ്രിട്ടണില്‍ നിന്നുള്ള കരാറനുസരിച്ച് സൈക്കില്‍ പാര്‍ട്ട്സിന്റെ നിര്‍മ്മാണം ഡച്ചു കമ്പനികള്‍ ഏറ്റെടുത്തിരുന്നു. ആധുനിക കാലത്ത് ചൈന സൈക്കില്‍ നിര്‍മാണത്തിന്റെ മുഖ്യകേന്ദ്രമായി. സൈക്കിളില്‍ ദേശം ചുറ്റിയവരും ലോകം ചുറ്റിയവരും അനേകം.
1920ല്‍ ആറ് ഭാരതീയര്‍ 71000 കിലോ മീറ്റര്‍ സഞ്ചരിച്ച് ലോകം ചുറ്റുകയുണ്ടായി. രണ്ടു ചക്രം ഉരുണ്ടുപോയി സ്ഥലങ്ങള്‍ പിന്നിലാക്കി മുന്നോട്ടു പായുന്ന സൈക്കിള്‍ സവാരിയുടെ പുതു വിശേഷങ്ങള്‍ ഇനിയും കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: