ഇക്കഴിഞ്ഞ ദിവസം എറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ കെടി മുഹമ്മദിന്റെ പ്രശസ്ത നാടകം സ്വന്തം ലേഖകന്‍ അരങ്ങേറുകയുണ്ടായി. 1970 കളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാടക വേദികളെ സമ്പന്നമാക്കിയ സ്വന്തം ലേഖകന്‍ സംവിധാനം ചെയ്തത് സിനിമ താരം കലാശാല ബാബുവാണ്. ബാബു നമ്പൂതിരി, കേ.ടിഎസ് പടന്നയില്‍ ,ടോണി, കുളപ്പുള്ളി ലീല, നീന കുറുപ്പ് തുടങ്ങിയ സിനിമ താരങ്ങളാണ് അഭിനയിച്ചത്. നാടകത്തിലെ പ്രധാന കഥാപാത്രമായ ഒരു ഫോണിലേക്ക് വരുന്ന വിളികളാണ് നാടകത്തെ മുന്നോട്ടു നയിക്കുന്നത്.
നാടക രചന, സംവിധാനം, തിരക്കഥ, തുടങ്ങിയ വിവിധ മേഖലകളില്‍ തന്റെതായ ഇടംനേടിയ എഴുത്തുകാരനാണ് കെ.ടി മുഹമ്മദ്. എന്നാല്‍ പ്രധാനമായും നാടകക്കാരനായാണ് അദ്ദേഹത്തെ അറ്ിയുക. പ്രഫെഷണല്‍ നാടക രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു കെ.ടിയുടെ നാടകങ്ങള്‍. അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് വേണ്ടി പ്രശസ്ത നാടക സമിതികള്‍ കാത്തിരിക്കുമായിരുന്നു. ജീവിത സ്പര്‍ശമുള്ളതും സാമൂഹിക പ്രതിബദ്ധതയുമുള്ള കെ.ടിയുടെ നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. കുപ്പിച്ചില്ലിന്റെ മൂര്‍ച്ഛയുള്ള സംഭാഷണങ്ങള്‍ തുളച്ചു കയറുന്നത് പോലെയായിരുന്നു. ഇത് ഭൂമിയാണ് ,കറവറ്റ പശു, കടല്‍ പാലം, കുചേലവൃത്തം, നാല്ക്കവല, സൃഷ്ടി, സ്ഥിതി, സംഹാരം, സനാതനം തുടങ്ങിയ കെടിയുടെ നാടകങ്ങള്‍ കേരളത്തെ പുളകം കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ചിലത് പിന്നീട് സിനിമയായി, അതിന്റെ തിരക്കഥയും അദ്ദേഹമായിരുന്നു. അല്ലാതെയും തിരക്കഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സത്യന് രണ്ട് റോളില്‍ അഭിനയിച്ച കടല്‍പ്പാലം അതേ പേരിലുള്ള കെ.ടിയുടെ നാടകമാണ്.
പ്രഫെഷണല്‍ നാടക രംഗത്ത് രചനയിലും അവതരണത്തിലും മാറ്റം കുറിച്ച കലാകാരനാണ് കെ.ടി മുഹമ്മദ്. മറ്റ് നാടക സംഘങ്ങള്‍ ആര്‍ഭാടമായ സെറ്റ് ഇടുമ്പോള്‍ പിന്നില്‍ വലിച്ചു കെട്ടിയ നീലയോ, കറുത്തതോ ആയ കര്‍ട്ടനു മുന്നിലാണ് കെ.ടിയുടെ മിക്കവാറും നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. നിഴലും വെളിച്ചവും കൊണ്ട് അദ്ദേഹം രംഗത്ത് സ്ഥലകാലങ്ങള്‍ സൃഷ്ടിച്ചു. പശ്ചാത്തല സംഗീതം കേ.ടിയുടെ നാടകങ്ങളുടെ ശക്തിയായിരുന്നു. വില്‍സണ്‍ സാമൂവല്‍ ആണ് അദ്ദേഹത്തിന്റെ മിക്ക നാടകങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്. ഒടുക്കമായപ്പോള്‍ കെ.ടിയുടെ നാടകങ്ങള്‍ അദ്ദേഹത്തിന്റെതന്നെ സ്വന്തം സമിതിയായ കോഴിക്കോട് കലിംഗ തിയറ്റേഴ്സ് അവതരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: