കോട്ടയം: റബ്ബറിന് വളമിടാന്‍ മണ്ണിന്റെ ഫലപുഷ്ടി അറിയാന്‍ മേല്‍മണ്ണിന്റെയും കീഴ്മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുപരിശോധനാശാലകളില് നല്കുന്ന രീതി മാറുകയാണ്. ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച മൊബൈല്‍ ആപ്പിന്റെ വരവോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും. ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള ഈ ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്ശാസംവിധാനം ഇന്ത്യയില്‍ ഏതൊരു വിളയുടെയും കാര്യത്തിലും ആദ്യത്തേതാണ്. റബ്ബര്കൃഷിയില് ലോകത്തുതന്നെ ആദ്യത്തേതുമാണെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. അജിത്കുമാര്‍ പറഞ്ഞു.
ഈ ആപ്പ് വഴി കര്‍ഷകര്‍ക്ക് മണ്ണിന്റെ ഫലപുഷ്ടിയും, തുടര്‍ന്ന് ഇടേണ്ട വളത്തിന്റെ അളവും അറിയാന്‍ കഴിയും. ഓണ്‍ലൈനായി വളപ്രയോഗശുപാര്‍ശ നല്കുന്ന റബ്ബര്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റബ്സിസ്) കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന് ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കത്തക്കവിധമുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകൂടി വികസിപ്പിച്ചത്.
റബ്സിസ്’സംവിധാനത്തിന്റെ സഹായത്തോടെ തോട്ടങ്ങളില്‍ വേണ്ട വളത്തിന്റെ അളവ് കര്‍ഷകര്‍ക്കുതന്നെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയും. ഇതിനായി ഉപഗ്രഹം വഴിയുള്ള റിമോട്ട് സെന്‍സിങ്, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റബ്ബറുള്ള സ്ഥലങ്ങളിലെ ഫെര്‍ട്ടിലിറ്റി മാപ്പിങ് എന്നീ സംവിധാനങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം വിജയകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
കൂടാതെ ജിയോ സ്പേഷ്യല്‍ ടെക്നോളജി സോയില്‍ സയന്‍സ്, അഗ്രോണമി, ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ്) ടൂള്‍ എന്നിവയും റബ്സിസ് സംയോജിപ്പിച്ചിട്ടുണ്ട്. റബ്ബര്‍തോട്ടങ്ങളിലെ 13 ഫെര്‍ട്ടിലിറ്റി മാനദണ്ഡങ്ങള്‍ മുതല്‍ ചെലവില്ലാതെ റബ്സിസ് ഉപയോഗിച്ച് അറിയാന്‍ കഴിയും. മരങ്ങളുടെ പ്രായത്തിനും തോട്ടങ്ങളുടെ വിസ്തൃതിക്കും അനുസരിച്ച് രാസവളപ്രയോഗം നിര്‍ണ്ണയിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, റബ്ബര്‍ ബോര്‍ഡ് സെക്രട്ടറി എന്‍. രാജഗോപാല്‍, ജോയിന്റ് ഡയറക്ടര്‍ ടോംസ് ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍ എം.ജി സതീഷ് ചന്ദ്രന് നായര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: