ലണ്ടന്‍: ബ്രിട്ടണ്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍കോ. വര്‍ഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ ട്രംപിന്റെ നിലപാടുകളാണ് ട്രംപിനെ പ്രസംഗീക്കാന്‍ അനുവദിക്കാത്തതിനു പിന്നിലെ കാരണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
അഭയാര്‍ത്ഥി വിലക്ക് ഏര്‍പ്പെടുത്തിയത് ട്രംപിനോടുള്ള തന്റെ എതിര്‍പ്പ് വര്‍ദ്ധിപ്പിച്ചതായി സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം, യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദര്‍ശനത്തിന് എതിരല്ലെന്നും ജോണ്‍ ബെര്‍കോ വ്യക്തമാക്കി.
ട്രംപിനുള്ള ക്ഷണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഫെബ്രുവരി 20ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ ഇരിക്കുകയാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ ആരെല്ലാം സംസാരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ട മൂന്നംഗങ്ങളില്‍ ഒരാളാണ് സ്പീക്കര്‍.
അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചത്. ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെങ്കിലും ഈ വര്‍ഷം വേനല്‍ക്കാലത്തായിരിക്കാം സന്ദര്‍ശനം എന്നാണ് അറിയുന്നത്.
















