താന്‍ പൊതുജീവിതത്തിന്റെ ഭാഗമാണെന്നും തന്റെ വേരുകള്‍ സമൂഹത്തിന്റെ വേരുമായി ഇഴപിരിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും സമൂഹം നല്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തന്നെ സമൂഹത്തോട് തനിക്കും ചില ബാദ്ധ്യതകള്‍ നിറവേറ്റാനുണ്ടെന്നും, തന്റേതായ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും മലയാളിക്ക് ബോദ്ധ്യമുണ്ടായിരുന്നു ഏതാണ്ട് തൊണ്ണൂറുകള്‍ വരെ. സമൂഹം അവനെ സംരക്ഷിക്കുകയും അവന് സമൂഹത്തോട് ഒരു ശരീരമെന്ന പോലെ ചേര്‍ന്നു നില്‍ക്കുകയും ചെയ്തു.
ജോലി കഴിഞ്ഞുള്ള ഇടവേളകളില്‍ അവനു സമ്മേളിക്കുവാന്‍ ആല്‍ത്തറകളും പാലത്തിന്റെ കൈവരികളും ചായക്കടകളും ഒഴിഞ്ഞ പറമ്പുകളും ഉണ്ടായിരുന്നു. വട്ടത്തില്‍ ഇരുന്ന് വെറുതെ സൊറ പറയല്‍ മാത്രമായിരുന്നില്ല. മതമോ ജാതിയോ പണമോ അവരെ വേര്‍തിരിച്ചിരുന്നില്ല. സമകാലിക രാഷ്ട്രീയവും സിനിമയും സാഹിത്യവും സംഗീതവുമൊക്കെ സജീവ ചര്‍ച്ചാവിഷയങ്ങളായിരുന്നു. പില്ക്കാലത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഇച്ഛാശക്തി, ഏറ്റവും മികച്ച സിനിമ, സാഹിത്യകൃതി, സംഗീതം എല്ലാം പിറന്നത് ആ സൗഹൃദങ്ങള്‍ നല്കിയ ഊര്‍ജ്ജത്തിലാവണം. വിത്തുകള്‍ വ•രങ്ങളായത് ഇവിടെ നിന്നായിരിക്കണം. അവരുടെ കയ്യടികള്‍, അഭിനന്ദനചുംബനങ്ങള്‍ ഒക്കെ മേഘങ്ങളെ വരെ കയ്യിലൊതുക്കാനുള്ള ശക്തി നല്‍കിയിരുന്നു. അവരുടെ സ്നേഹത്തിന് അഗാധമായ ഉള്ളളവും ആഴവുമുണ്ടായിരുന്നു. അവരുടെ സാന്ത്വനങ്ങള്‍ കടപുഴക്കിവരുന്ന ഏതു കദനക്കടലിന്റെയും തിരയടക്കിയിരുന്നു.
പക്ഷേ, മലയാളി മടിക്കുത്തില്‍ നിധി പോലെ കൊണ്ടുനടന്ന മലയാളിത്തത്തോടൊപ്പം, ഭക്ഷണശീലങ്ങളോടൊപ്പം അവന്റെ സഹജമായ സാമൂഹ്യബോധവും കൈവിട്ടുപോയി. തൊണ്ണൂറുകളില്‍ വിവരസാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടമായി അവതരിച്ച ടെലിവിഷന്‍ എങ്ങിനെയാണ് മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ തല തകര്‍ത്തതെന്ന് പഠനവിഷയമാക്കേണ്ടതാണ്. ടെലിവിഷന്‍ അകത്തളങ്ങളില്‍ എത്തിയതോടെ വരാന്തകളിലും മുറ്റത്തും തെരുവുകളിലും ജീവിതം ആഘോഷിച്ച മലയാളി പൊടുന്നനെ നിശബ്ദരാക്കപ്പെട്ടു. ടെലിവിഷന്‍ അവന്റെ കയ്യും കാലും മാത്രമല്ല അവന്റെ തലച്ചോറിനെയും ഭാവനയെയും പൂട്ടിയിട്ടു. ഏകാധിപതിക്ക് അടിപ്പെട്ട പ്രജയെപ്പോലെ അവന് പുറംതോടിനുള്ളില്‍ പതുങ്ങി. ജോലിയെല്ലാം കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തുന്നതിനു മുന്‍പുള്ള ഇടവേളകളില്‍ വിശേഷങ്ങള്‍ കൈമാറിയിരുന്ന വീട്ടമ്മമാര്‍ സീരിയലുകളില്‍ വിലയം പ്രാപിച്ചു. പുറത്തെന്നല്ല, വീടിന്റെ മറ്റു മുറികളില്‍ പോലും എന്തു നടന്നാലും അറിയാതായി. വല്ലാണ്ടങ്ങ് പട്ടി കുരച്ചാല്‍ പട്ടിയെ ശപിച്ചുകൊണ്ട് അക്ഷമയോടെ ഒന്നു പുറത്തേക്ക് തലയിട്ടുനോക്കി സീരിയലിലേക്കു മടങ്ങി. സീരയിലിന്റെ സമയങ്ങളില്‍ കല്യാണം ക്ഷണീക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ബന്ധുവീടുകളില്‍ കയറിപ്പോയവര്‍ അതിക്രൂരമായി ആക്ഷേപിക്കപ്പെട്ടു.
രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുകയും പിന്നീട് വിശ്രമിക്കുകയും ചെയ്തിരുന്ന രീതിയില്‍ നിന്ന് 24 ത 7 എന്ന പുതിയ തൊഴില്‍ സംസ്കാരത്തിലേക്കു പ്രവേശിച്ചതോടെ മലയാളി പരിപൂര്‍ണ്ണമായി അവനവനകത്തായി. കമ്പ്യുട്ടറിനു മുന്നിലിരുന്നുള്ള അവന്റെ ധ്യാനം ഒരുപക്ഷേ ദൈവത്തോടായിരുന്നെങ്കില്‍ ദൈവം എന്നേ അവനു മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു.
മലയാളി ഒരു സാമൂഹ്യജീവിയേ അല്ലാതാവുകയാണ്. തൊട്ട് അയല്‍വീട്ടില്‍ താമസിക്കുന്നത് ആരാണെന്ന് അവനറിയില്ല. ചായ കുടിക്കാന്‍ ഒരു കടയില്‍ കയറിയാല്‍ എതിരെ ഇരിക്കുന്നയാള്‍ തല ഉയര്‍ത്തി നോക്കുക പോലുമില്ല. റോഡിലൂടെ നടക്കുമ്പോള്‍ പരസ്പരം കൂട്ടിയിടിച്ചാല്‍പ്പോലും മൊബൈലില്‍ നിന്ന് കണ്ണ് പറിക്കുകയില്ല.
വിര്‍ച്വല്‍ ക്ലാസ് റൂമുകളും വിര്‍ച്വല്‍ ഓഫീസുകളും പടിവാതില്ക്കല് എത്തിക്കഴിഞ്ഞു. നിങ്ങളൂടെ വീട്ടിലെ കൊച്ചുമുറിയില്‍ ഇരുന്ന് പഠിക്കാമെങ്കില്‍ വീട്ടിലിരുന്നു തന്നെ ഓഫീസ് ജോലികള്‍ തീര്‍ക്കാമെങ്കില്‍ എന്തു സുഖം. എങ്ങും സഞ്ചരിക്കാനില്ലെങ്കില്‍ എന്തിനു തെരുവുകള്‍? എന്തിനു വാഹനങ്ങള്‍? കാണാന്‍ ആരും ഇല്ലെങ്കില്‍ എന്തിനു സിനിമാ തീയറ്ററുകള്‍? പുഞ്ചിരിക്കാന്‍ പോലും ആരുമില്ലെങ്കില്‍ എന്തിനു ജീവിതം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: