വെല്ലിങ്ടണ്‍: ന്യൂസ്‌ലാന്‍ഡ് തീരത്ത് 400 ലേറെ തിമിംഗലങ്ങള്‍ കരക്കടിഞ്ഞു. തെക്കന്‍ ദ്വീപായ ഫെയര്‍വെല്‍ സ്പ്ലിറ്റിലാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം ചത്തു.ബാക്കിയുള്ളവയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
സമീപവാസികളും പരിസ്ഥിതി സംരക്ഷണ വകുപ്പ് ജീവനക്കാരുമടക്കം നൂറുകണക്കിന് പേര്‍ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള പരിശ്രമത്തിലാണ്. വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത്. ജീവനുള്ള തിമിംഗലങ്ങള്‍ക്ക് തണുപ്പ് നല്‍കി ഡോക്ടര്‍മാരും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തുണ്ട്. ചില തിമിംഗലങ്ങള്‍ തിരികെ പോകാന്‍ ശ്രമിക്കുന്നുണ്ടെന്നും മനുഷ്യചങ്ങല തീര്‍ത്ത് അവയെ വെള്ളത്തിലേക്ക് തള്ളിയിറക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ന്യൂസീലന്‍ഡില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ തീരത്തടഞ്ഞ സംഭവം ഇതാണെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ നിന്നു മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്നു കരയിലേക്കടിയുന്ന പ്രതിഭാസം സ്വാഭാവികമാണെങ്കിലും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇതാദ്യമാണ്. തിമിംഗലങ്ങള്‍ തീരത്തേക്ക് ഒഴുകിയെത്തുന്നതിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രഞ്ജര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
















