വാഷിംഗ്ടണ്‍: ജപ്പാനുമായുളള ബന്ധം മെച്ചപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്ക് ഫ്‌ളോറിയഡയിലുളള പാം ബീച്ചിലെ മാര്‍ അ ലാഗോ ക്ലബ്ബിലൊരുക്കിയ അത്താഴ വിരുന്നില്‍ വച്ചാണ് ഈ ഉറപ്പ് നല്‍കിയത്. ഭാര്യ മെലാനിയ ട്രംപും വിരുന്നില്‍ സംബന്ധിച്ചു. ഇരുരാജ്യങ്ങളും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുളള വാണിജ്യ ബന്ധങ്ങളും ശക്തമാക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി. പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും സംയുക്തമായി നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടിക്കാട്ടി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ-മിസൈല്‍ വെല്ലുവിളികളെ നേരിടാന്‍ ഇരുരാജ്യങ്ങളും തോളോട് തോള്‍ ചേരേണ്ടതുണ്ട്.
പ്രസിഡന്റ് പദത്തിലേറിയ ട്രംപിനെ അഭിനന്ദിക്കാന്‍ അമേരിക്കയിലേക്ക് നേരിട്ടെത്തുന്ന ആദ്യ ലോകനേതാവും ആബെയാണ്.
ഇരുരാജ്യങ്ങള്‍ക്കും സഹായകമാകുന്ന സാമ്പത്തിക ബന്ധങ്ങളും ആവശ്യമാണ്. അതിവേഗ ട്രെയിന്‍ സാങ്കേതികതയിലടക്കം അമേരിക്ക നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വേഗതയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍. ഇരുരാജ്യങ്ങളും നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും ചര്‍ച്ചയായി. ഇതിന് പുറമെ ലോകത്തെയും ഏഷ്യ-പസഫിക് മേഖലയിലെയും വെല്ലുവിളികളും ഇരുവരും ചര്‍ച്ച ചെയ്തു.
ട്രംപ് പുത്തന്‍ യാത്രാനിരോധനത്തിനൊരുങ്ങുന്നു
വാഷിംഗ്ടണ്‍: ചില രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് കൂടി അമേരിക്കയിലേക്ക് യാത്രാനിരോധനമേര്‍പ്പെടുത്താന്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൊണ്ടുവന്ന നിരോധനം കോടതികള്‍ ചോദ്യം ചെയ്തിരുന്നു.
പുതിയ നിരോധനം തിങ്കളാഴ്ചയോടെ കൊണ്ടു വരുമെന്നാണ് ട്രംപ് അറിയിച്ചിട്ടുളളത്. ട്രംപിന്റെ മുന്‍ യാത്രാനിരോധന ഉത്തരവ് സാന്‍ഫ്രാന്‍സിസ്‌കോ കോടതി തളളിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തല്‍. അതേസമയം ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് പുതുതായി നിരോധനമെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
കോടതിയുമായി തുറന്ന ഏറ്റുമുട്ടലിനാണ് ട്രംപിന്റെ നീക്കം.
സമയം എടുത്താലും ഈ നിയമപോരാട്ടത്തില്‍ തങ്ങള്‍ തന്നെ ജയിക്കുമെന്നാണ് പ്രസിഡന്റിന്റെയും കൂട്ടരുടെയും വിലയിരുത്തല്‍.
















