ലക്‌നോ: പതിനാറുകാരന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പശ്ചിമ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വര്‍ഗീയ സംഘര്‍ഷം. കഴിഞ്ഞ ദിവസമാണ് നയാഗാവ് ഗ്രാമത്തില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വിശാലിന്റെ പിതാവിന് സാരമായി പരിക്കേറ്റു. മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജീവ് ബല്യാന്‍ രംഗത്തെത്തി. മറ്റു ചില നേതാക്കളും സത്യഗ്രഹം പ്രഖ്യാപിച്ചു.
കൊലപാതകത്തെത്തുടര്‍ന്ന് രാഷ്‌ട്രീയ ലോക്ദള്‍ നേതാവ് രാഹുല്‍ സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഗ്രാമീണര്‍ അലങ്കോലപ്പെടുത്തി. കൊല്ലപ്പെട്ട വിശാലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രി അഖിലേഷ് യാദവ് അനുവദിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുളളതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇത് നല്‍കാനാകൂ.
കര്‍ഷകനായ സഞ്ജയിനെയും മകന്‍ വിശാലിനെയും അപരിചിതരായ ഒരു പറ്റം ആള്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. മൂന്ന് വട്ടം വെടിയേറ്റ വിശാല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിതാവ് സഞ്ജയ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
















