തൃശൂര്‍: സോഫാക്ലീസ് രചിച്ച ഗ്രീക്ക് നാടകമായ ഈഡിപ്പസ് കഥകളിയുടെ തനതു ശൈലിയില്‍ 20ന് കെ.ടി.മുഹമ്മദ് തിയേറ്ററില്‍ വൈകീട്ട് 6.30 മണിക്ക് അരങ്ങേറുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് അരങ്ങിലെത്തുന്നത് സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഈഡിപ്പസ് കഥ അനേകം ഭാഷ്യങ്ങളിലൂടെ ലോകമെമ്പാടും രംഗാവതരണം നടത്തിയിട്ടുണ്ടെങ്കിലും കഥകളി രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമായാണ്.
ചെര്‍പ്പുളശ്ശേരിയിലെ മാങ്ങോട് മഞ്ജുതര കഥകളി സംഘമാണ് ഇത് അരങ്ങിലെത്തിക്കുന്നത്.
പരേതനായ ശങ്കരനാരായണനും, എന്‍.വി.രാജനും രചിച്ച ആട്ടകഥയെ ആസ്പദമാക്കിയ കഥകളിയില്‍ ഈഡിപ്പസ് ആയി കലാമണ്ഡലം കൃഷ്ണകുമാറും, ലൂയിസ് രാജാവായി കലാമണ്ഡലം ഹരിനാരായണനും, സ്ഥീംഗ്സായി കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനും രാജപത്നി യക്കോസ്തയായി പീശപ്പിള്ളി രാജീവും ക്രയോണായി കലാമണ്ഡലം സോമനും തെറോസിയാസായി കലാമണ്ഡലം മനോജും ഗ്രാമമുഖ്യനായി ആര്.എല്‍.വി.പ്രമോദും രംഗത്തെത്തുന്നു.
കോട്ടയ്ക്കല്‍ മധു നെടുംമ്പിള്ളി രാംമോഹനന്‍(പാട്ട്), കലാമണ്ഡലം ബാലസുന്ദരന്‍(ചെണ്ട), കലാമണ്ഡലം ഹരിദാസ്(മദ്ദളം), കലാമണ്ഡലം ശിവരാമന്, കലാമണ്ഡലം സുധീഷ്(ചുട്ടി) എന്നിവരാണ് പിന്നണിയില്‍. ഈഡിപ്പസ് രാജാവിന്റെ സൂര്യദേവനോടുള്ള പ്രാര്‍ത്ഥനയില്‍ ആരംഭിച്ച് എട്ട് രംഗങ്ങളിലായി മുന്നേറുന്ന കഥ, രണ്ട് കണ്ണുകളും ചുഴിഞ്ഞെടുത്ത് ഈഡിപ്പസ് കൊളോണാസിലേക്ക് പാലായനം ചെയ്യുന്നിടത്താണ് അവസാനിക്കുന്നത്.
കുഞ്ചന്‍ നമ്പ്യാരുടെ വിഖ്യാതമായ ഓട്ടന്തുള്ളല് കൃതിയായ ഗരുഡ ഗര്‍വ്വ ഭംഗം കലാമണ്ഡലം ഗീതാനന്ദനും സംഘവും അവതരിപ്പിച്ചുകൊണ്ടാണ് മൂന്നാംദിവസത്തെ കലാപരിപാടികള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: