വാഷിങ്ടണ്‍: കുടിയേറ്റ നിയമം കര്‍ശനമാക്കിയതിന്റെ ഭാഗമായി രേഖകളില്ലാതെ യുഎസില്‍ കഴിയുന്നവര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. അഞ്ചു ദിവസമായി എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തിയ റെയിഡുകളില്‍ 160 കുടിയേറ്റക്കാരാണ് പിടിയിലായത്. ഒബാമ ഭരണത്തിനു കീഴില്‍ തന്നെ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ആസൂത്രണം ചെയ്തതാണ്.
അതേസമയം, കുറ്റവാളികളെ കേന്ദ്രീകരിച്ചാണ് വിദഗ്ധ സംഘം തെരച്ചില്‍ നടത്തിയതെന്ന് യുഎസ് ഒൗദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍, 160 പേര്‍ അറസ്റ്റിലായതില്‍ 10 പേര്‍ക്കു മാത്രമാണ് കുറ്റകൃത്യ വാസനയുള്ളത്. ഇതോടെ കൃത്യമായ രേഖകളില്ലാതെ യുഎസില്‍ താമസിക്കുന്നവരെല്ലാം പരുങ്ങലിലായി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സാധാരണനടപടി ക്രമങ്ങളാണ് ഇതെന്നും ഒബാമയുടെ ഭരണകാലയളവില്‍ പദ്ധതിയിട്ട റെയ്ഡാണ് ഇപ്പോള്‍ നടന്നതെന്നും യുഎസ് അറിയിച്ചു. വ്യക്തമായ രേഖകളില്ലാതെ യുഎസില്‍ കഴിയുന്ന 30 ലക്ഷം പേരെ നാടുകടത്തുമെന്ന് ജനുവരി 25ന് പ്രസിഡന്റ് അറിയിച്ചിരുന്നു. അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ്ഏഞ്ചല്‍സ്, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന എന്നിവിടങ്ങളിലും ഐസിഇ തെരച്ചില്‍ നടത്തുന്നു.
















