പത്തനംതിട്ട: ജില്ലയില്‍ പനി ശമനമില്ലാതെ തുടരുമ്പോഴും ഞായറാഴ്ച്ചകളില്‍ ജനറല്‍ ആശുപത്രിയില്‍ സേവനത്തിന് മതിയായ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ കുടുതല്‍ വലയ്ക്കുന്നു. ഈ ദിവസങ്ങളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കാറില്ല. ഇന്നലെ അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിതരടക്കം 250 നു മുകളില്‍ രോഗികളാണ് ഇന്നലെ ചികില്യ തേടി എത്തിയത്.
പനി പടര്‍ന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ ഡോക്ടര്‍മാരെ സേവനത്തിന് ലഭ്യമാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. ആശുപത്രിയിലെ ജീവനക്കാരില്‍ പലരും പനി ബാധിച്ച് ചികില്‍സയിലാണ്. ഇവരില്‍ എച്ച്വണ് എന്‍വണ്‍ ബാധിതരും ഉള്ളതായി ആറിയുന്നു.
ഇതുവരെ ജില്ലയില്‍ അറുപതിലേറെപ്പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് എലിപ്പനിയും മറ്റൊരാള്‍ക്ക് എച്ച്വണ് എന്‍വണ്‍ ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയ പനി ബാധിതരുടെ എണ്ണം നാലായിരത്തി അഞ്ഞൂറോളമാണ്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരും നിരവധിയാണ്.
കോന്നി താലുക്കാശുപത്രിയില്‍ പനിബാധിതരടക്കം ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ദിനം പ്രതി ഓരോ ആളുകളും പനി ബാധിച്ച് ചികില്‍സ തേടുന്നുണ്ട്. വൈറല്‍ പനി ബാധിതരാണ് ഇവരില്‍ ഏറെയും. രോഗികളുടെ വര്‍ദ്ധന കണക്കിലെടുത്ത് താലൂക്കാശുപത്രിയില്‍ പനിക്ലിനിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിഎംഒ യ്ക്ക് കത്ത് നല്കി.
ചിറ്റാര്‍ പഞ്ചായത്തിലും പനിബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ദിവസം ഇരുന്നൂറില്‍ അധികം ആളുകളാണ് ചികില്‍സ തേടിയെത്തുന്നത്. ചിറ്റാര്‍ പ്രാധമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടര്‍മാരുടെ എണ്ണമോ വര്‍ദ്ധിപ്പിച്ചിട്ടില്ല. പനി പടര്‍ന്ന് പിടിക്കുമ്പോഴും ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. എന്‍ആര്‍എച്ച്എം ജീവനക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.
കോട്ടമണ്‍പാറ ആങ്ങമൂഴി പ്രദേശങ്ങളില്‍ പനി പടരുമ്പോഴും ആങ്ങമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ എത്തുന്നത് ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രമാണ്. പ്രദേശവാസികളുടെ ഏക ആശ്രയമായ ആശുപത്രിയില്‍ എന്ആര്എച്ച്എമില് നിന്നുള്ള ഡോക്ടരുടെ സേവനം വ്യാഴം വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ഉള്ളത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയുള്ള പരിശോധനാ വേളയില്‍ രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മൂഴിയാര്‍, കൊച്ചു പമ്പ, നാല്പ്പതേക്കര്, തുലാപ്പള്ളി, ചാലക്കയം തുടങ്ങിയ ഭാഗങ്ങളിലുള്ള വനവാസികള്‍ ചികില്‍സയ്ക്കായി എത്തുന്നതും ആങ്ങമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ഇവിടെ ഡോക്ടറെ കാണാന്‍ സാധിച്ചില്ലെങ്കില്‍ 7 കിലോമീറ്റര്‍ ആകലെയുള്ള സീതത്തോട് പ്രാഥമാകാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടി വരും. കൊടുമണ്‍ പഞ്ചായത്തില്‍ പനി ബാധിതരുടെ എണ്ണത്തിന് നേരിയ കുറവ് വന്നിട്ടുണ്ട്. ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്ലാന്റേഷന് ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
തിരുവല്ല മേഖലയില്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പനിബാധിതര്‍ കുറവാണ്. ആളുകള്‍ സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറച്ചുപേര്‍ മാത്രമാണ് എത്തുന്നത്. മല്ലപ്പള്ളിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. ഇവിടെ ചികില്‍സ തേടിയവരില്‍ 70 പേര്‍ക്ക് വൈറല്‍ പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേര്കര്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: